തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളെ പാര്‍പ്പിക്കുന്നതിനും ചികിത്സയടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത് കൊണ്ട് കേരളത്തിന് പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കാം എന്നാണ് സൂചനകള്‍. കേരളത്തില്‍ പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളുടെ കാര്യത്തില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും തൃപ്തി രേഖപ്പെടുത്തുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രവാസികളെ മടക്കി കൊണ്ടുവരുന്ന കാര്യത്തില്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ മറ്റ് സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തിയതോടെ രാജ്യത്താകെ പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് തീരുമാനമെടുക്കുവാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യം പരിഗണിച്ച് കേരളത്തിലേക്കുള്ള പ്രവാസികളെ എത്തിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.
നോര്‍ക്ക മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രവാസികള്‍ക്ക് മാര്‍ഗ്ഗരേഖ
മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ നോര്‍ക്ക-റൂട്ട്സ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
പരിശോധന നാല് വിമാനത്താവളങ്ങളില്‍ വീടിനടുത്തുള്ള എയര്‍പോര്‍ട്ടിലേക്ക് ടിക്കറ്റ് എടുക്കണം.
നാട്ടില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ ആരും പാടില്ല.
സ്വന്തം വാഹനം എങ്കില്‍ ഡ്രൈവര്‍ മാത്രമാകാം.
പരിശോധനയില്‍ ലക്ഷണം ഇല്ലെങ്കില്‍ നേരെ വീട്ടില്‍ എത്തണം.
14 ദിവസം ക്വാറന്റൈനിൽ കഴിയണം.
വീട്ടിലേക്കുള്ള യാത്രയ്ക്കിടെ മറ്റാരെയും സന്ദര്‍ശിക്കരുത്.
ലക്ഷണം ഉള്ളവരെ കോവിഡ് കെയര്‍ സെന്ററില്‍ ആക്കും.
ലഗേജുകള്‍ ഭദ്രമായി സൂക്ഷിക്കും.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്ക http://www.norkaroots.org എന്ന വെബ്സൈറ്റ് തയ്യാറാക്കി. ലേബര്‍ ക്യാമ്പില്‍ ജോലിയും വരുമാനവും ഇല്ലാതെ കഴിയുന്ന സാധാരണ തൊഴിലാളികള്‍, വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗമുള്ളവര്‍, വിസ കാലാവധി പൂര്ത്തിയാക്കപെട്ടവര്, കോഴ്സ് പൂര്‍ത്തിയാക്കി സ്റ്റുഡന്‍സ് വിസയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതരായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണ്.

