തിരുവനന്തപുരം : ഗള്‍ഫ്, യൂറോപ്പ് അടക്കമുള്ള സ്ഥലങ്ങളില്‍ യാത്രികരായും തൊഴിലിന്റെ ഭാഗമായും കുടുങ്ങിപ്പോയ പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഉടനെ നീങ്ങുകയില്ല. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്. പ്രവാസികളെ കൊണ്ടു വരുമ്പോള്‍ താമസിപ്പിക്കണം. രോഗ ചികിത്സ സൗകര്യങ്ങള്‍ വേണം. ഒന്നിച്ച് ഒരു ലക്ഷം പേര്‍ എത്തുന്നുവെന്ന് കരുതിയാല്‍ അതിനുള്ള സൗകര്യങ്ങള്‍ കേരളമൊഴികെ അധികം സംസ്ഥാനങ്ങള്‍ പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഉടനെ പ്രവാസികളെ കൊണ്ടു വരാനാകില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പ്രവാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നേരത്തെ തന്നെ കേരളം സജ്ജീകരിച്ചുവെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ വരുത്തിയ വീഴ്ചയുടെ പേരില്‍ കേരളീയരായ പ്രവാസികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും നാട്ടുകാരുടേയും കാത്തിരിപ്പിന് പരിഹാരമില്ലാതെയായി.
കേരളത്തിനു മാത്രമായി അനുമതി നല്‍കാന്‍ കഴിയുകയില്ല. രാജ്യത്ത് എല്ലായിടത്തും ഈ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം തീരുമാനമെടുക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.
പ്രവാസികളെ കൊണ്ടു വരാന്‍ തീരുമാനം ഉണ്ടായാലും ഒന്നിച്ച് മുഴുവന്‍ ആളുകളേയും കൊണ്ടു വരാനാകില്ലയെന്ന് സൂചിപ്പിക്കപ്പെട്ടു. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനമായി ഇതു മാറും.
പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ ഉണ്ടാകേണ്ട ക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ ചില സംസ്ഥാനങ്ങള്‍ നടപടി പൂര്‍ത്തീകരിക്കാത്തതാണ് കേന്ദ്ര തീരുമാനം വൈകുന്നതിന് പ്രധാനകാരണം. കേരളം നേരത്തെ തന്നെ വളരെ വ്യക്തമായ പദ്ധതി തയ്യാറാക്കി സജ്ജീകരണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി കഴിഞ്ഞിരുന്നു. പക്ഷേ കേരളത്തിനു മാത്രമായി അനുമതി നല്‍കാന്‍ കഴിയുകയില്ല. രാജ്യത്ത് എല്ലായിടത്തും ഈ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം തീരുമാനമെടുക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.

(ചിത്രത്തില്‍ പ്രവാസികളുടെ സംഖ്യ)
ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ പ്രവാസികളുടെ മടങ്ങിവരവ് തീരുമാനമായില്ലെങ്കിലും തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയില്‍ കേരളത്തിന് പ്രവാസികളെ മടക്കി കൊണ്ടു വരുന്ന കാര്യം സ്വന്തം ഉത്തരവാദിത്വത്തില്‍ നടപ്പാക്കുന്നതിന് അനുമതി തേടാവുന്നതാണ്. ലോക്ക് ഡൗണ്‍ അച്ചടക്കം ലംഘിച്ചുകൊണ്ട് ഡല്‍ഹിയിലും ഹരിയാനയിലുമായി കുടുങ്ങിപ്പോയ ഉത്തര്‍പ്രദേശുകാരെ വാഹനങ്ങളില്‍ കൂട്ടത്തോടെ മടക്കി കൊണ്ടു പോകുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃകയില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മലയാളി പ്രവാസികളെ സംസ്ഥാന സര്‍ക്കാരിന് മടക്കി കൊണ്ടുവരാവുന്നതാണ്.

