തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റൈന്‍ ചെയ്യാനും രോഗം സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടു ലക്ഷത്തിലധികം പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നു. ഇതിലധികം പേര്‍ വന്നാലും താമസിപ്പിക്കാന്‍ കഴിയുമെന്നും അതിനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ക്ക് മടങ്ങാനുള്ള സൗകര്യം കേന്ദ്രം ഏര്‍പ്പെടുത്തിയാല്‍ ഇവിടെ എത്തുന്നവരുടെ മുഴുവന്‍ കാര്യവും സംസ്ഥാനം ഏറ്റെടുക്കും. ക്വാറന്റൈന്‍ മുതല്‍ വീട്ടിലെത്തിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രതീരുമാനം വരുന്നതുവരെ പ്രവാസികള്‍ ഇപ്പോള്‍ കഴിയുന്ന രാജ്യങ്ങളില്‍ അവിടങ്ങളിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് കഴിയണം. ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്ക് എംബസികള്‍, മലയാളി സംഘടനകള്‍ മുഖേന പരമാവധി സഹായവും പിന്തുണയും നല്‍കാനാണ് നോര്‍ക്ക വഴി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.