കോട്ടയം: കോവിഡ് കാലത്ത് അവയവദാന പ്രക്രിയയിലൂടെ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയമായി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്. ഹാര്‍ട്ട് റിജക്ഷന്‍ സാധ്യതയും ഇന്‍ഫെക്ഷന്‍ സാധ്യതയും ഉള്ളതിനാല്‍ രോഗിയെ 24 മണിക്കൂര്‍ വെന്റിലേറ്ററിലാക്കിയിട്ടുണ്ട്. രണ്ടാഴ്ച്ച കഴിയുന്നതുവരെ രോഗി പൂര്‍ണ നിരീക്ഷണത്തിലുമായിരിക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലെ ആറാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്. ആറും കോട്ടയം മെഡിക്കല്‍ കോളേജിലാണ് നടന്നത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍ ഉള്‍പ്പെടെ എല്ലാവരേയും ആരോഗ്യ വകുപ്പ് മന്ത്രി അഭിനന്ദിച്ചു.
ബൈക്ക് അപകടത്തെ തുടര്‍ന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീകുമാറിന് (50) മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറായത്. ഇതിലൂടെ 4 പേര്‍ക്കാണ് പുതുജീവന്‍ സമ്മാനിച്ചത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കുമാണ് നല്‍കിയത്. സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയായ മൃതസഞ്ജീവിനിയാണ് ഇത് ഏകോപിപ്പിച്ചത്. കോവിഡ് വ്യാപിക്കുന്നതിനാല്‍ ലോകത്താകമാനം അവയവദാന പ്രക്രിയ നിലച്ച മട്ടാണ്. കേരളം ഈ പശ്ചാത്തലത്തിലാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്.
ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച രാത്രി തിരുവന്തപുരത്തെത്തി. അതിരാവിലെ 3.15ന് ഹൃദയം എടുക്കുകയും റോഡ് മാര്‍ഗത്തില്‍ അതിരാവിലെ 5.15ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു. 5 മണിക്ക് തന്നെ തുടങ്ങിയ ശസ്ത്രക്രിയയില്‍ ഈ സംഘം പങ്കാളികളായി. മൂന്നു മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ഫയര്‍ ഫോഴ്‌സ് 40 മിനിറ്റുകൊണ്ടാണ് ഹൃദയം മാറ്റിവയ്ക്കുന്നതിന് ആവശ്യമായ മരുന്ന് എറണാകുളത്തു നിന്നും കോട്ടയത്ത് എത്തിച്ചത്. അവയവദാനത്തിന് സന്നദ്ധരായ ശ്രീകുമാറിന്റെ കുടുംബം ചെയ്തത് വലിയ ത്യാഗമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അവയവദാനം യാഥാര്‍ത്ഥ്യമാക്കിയ മൃതസഞ്ജീവിനി ഉള്‍പ്പെടെയുള്ള എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.