പട്ന ഏപ്രിൽ 17: ബിഹാറില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ നാല് അക്രമണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ട് എണ്ണം മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ സ്വദേശമായ ബിഹാര്‍ ഷരിഫിലാണ്.
കോവിഡ് അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പരിശോധനക്കായി ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഈ ദുരനുഭവമുണ്ടാകുന്നത്. ബിഹാറില്‍ ചികിത്സയിലുള്ള 53 കോവിഡ് കേസുകളില്‍ 60 ശതമാനവും സിവാന്‍, ബെഗുസാരായി, നളന്ദ, നവാഡ എന്നീ ജില്ലകളില്‍ നിന്നുമാണ്.
83 പേര്‍ക്കാണ് ബിഹാറില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ രോഗം ഭേദമായി. ഒരാള്‍ മരിച്ചു.
സിവാന്‍, ബെഗുസാരായി ജില്ലകള്‍ സംസ്ഥാനത്തെ കോവിഡ് ഹോട്ട്സ്പോട്ട് ആണ്. ആരോഗ്യമന്ത്രാലയം ഈ ജില്ലകളെ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. നളന്ദയും നവാഡയും ഹോട്ട്സ്പോട്ട് സാധ്യതയുള്ള പട്ടികയിലാണുള്ളത്. എന്നാല്‍ പരിശോധിക്കാന്‍ എത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ പ്രദേശവാസികള്‍ അകറ്റി നിര്‍ത്തുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഔറംഗബാദിലും മോത്തിഹാരിയിലും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

