വാഷിംഗ്ടണ്‍ ഏപ്രിൽ 13: ലോകത്ത് കൊവിഡ് 19 മഹാമാരി ബാധിച്ച് 1,14,208 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്കുപ്രകാരം 18,46,680 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. അമേരിക്കയില്‍ മരണസംഖ്യ 22,105 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത് ആയിരത്തി അഞ്ഞൂറലധികം പേരാണ്. കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയിലാണ്. അഞ്ചര ലക്ഷത്തിലേറെ രോഗികള്‍ യു.എസിലുണ്ട്. ഇതില്‍ 9,000 മരണവും ന്യൂയോര്‍ക്കിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1500ലേറെ മരണം യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കില്‍ മാത്രം 738 മരണമാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്‍തത്. ന്യൂയോര്‍ക്കില്‍ സ്കൂളുകള്‍ അടച്ചിട്ടുണ്ട്.
ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കയിലെ 50 സംസ്ഥാനങ്ങളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെയ്നിലും ഇറ്റലിയിലും മരണ നിരക്കില്‍ നേരിയ കുറവുണ്ട്. സ്‌പെയ്നില്‍ 603 പേരും ഇറ്റലിയില്‍ 431 പേരുമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. 19,899 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്. രോഗബാധിതര്‍ 156,363 പേര്‍. ഗള്‍ഫില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം പതിനാലായിരം കവിഞ്ഞു. മരണസംഖ്യ 96 ആയി. സൗദിയില്‍ 24 മണിക്കൂറിനിടെ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.