സോണിയ ഗാന്ധിയുടെ നിർദേശം സ്വീകരിച്ചാൽ ഇന്ത്യയിൽ മാധ്യമങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് പത്രപ്രവർത്തക സംഘടനകൾ

ന്യൂഡൽഹി ഏപ്രിൽ 12: സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പരസ്യങ്ങൾ രണ്ട് വർഷത്തേക്ക് മാധ്യമങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഈ നിർദേശത്തിനെതിരെ പത്രപ്രവർത്തക സംഘടനകൾ വ്യാഴാഴ്ച രംഗത്തെത്തി.

കോൺഗ്രസ് അധ്യക്ഷയിൽ നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം ഈ സമയത്ത്‌ ഞെട്ടിക്കുന്നതാണെന്ന് പ്രസ് അസോസിയേഷൻ (പിഎ), ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ(ഐജെയു), നാഷണൽ യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് (എൻയുജെ-ഐ) എന്നിവർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിലാണ് സോണിയ ഗാന്ധി ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വെച്ചത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒഴികെയുള്ള ടിവി, പ്രിന്റ്, ഓൺലൈൻ മീഡിയ പരസ്യങ്ങളെ രണ്ട് വർഷത്തേക്ക് സർക്കാർ പൂർണ്ണമായും നിരോധിക്കണം. ഇത്തരമൊരു പ്രസ്താവന തീർത്തും നിരാശാജനകമാണെന്ന് സംഘടനകൾ പറഞ്ഞു.

മഹാമാരി ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യം മീഡിയ വ്യവസായത്തെ പ്രത്യേകിച്ച് പത്രപ്രവർത്തനത്തിനെ മോശമായി ബാധിച്ചിരിക്കുകയാണ്. നിരവധി പത്രങ്ങൾ ഇതിനോടകം അച്ചടി നിർത്തിവെച്ചിരിക്കുകയാണ്. രാജ്യത്ത് ഒരുപാട് പത്രപ്രവർത്തകർക്ക് ജോലി നഷ്ടമായി.

സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് യഥാർത്ഥ വസ്തുതകൾ അറിയാൻ പത്രമാധ്യമങ്ങൾ അനിവാര്യമാണ്.

ന്യൂസ്‌ ബ്രോഡ്കാസ്റ്റേസ് അസോസിയേഷനും (എൻബിഎ) സോണിയ ഗാന്ധിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →