ബെയ്ജിങ് ഏപ്രിൽ 8: 76 ദിവസത്തെ ലോക്ഡൗണിന് ശേഷം ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. കോവിഡിനെ തുടര്‍ന്ന് വുഹാനില്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പിന്‍വലിക്കും.
വുഹാനിലെ ട്രെയിന്‍, വ്യോമ, റോഡ് ഗതാഗതം ഇന്ന് മുതല്‍ വീണ്ടും തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 55,000ത്തോളം യാത്രികരെത്താന്‍ സാധ്യതയുണ്ടെന്നാണ് വുഹാന്‍ റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നത്. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ കോവിഡിനെതിരായ നിര്‍ണായക വിജയമാണ് ചൈന കൈവരിക്കുന്നത്.
വുഹാനിലെ സാമ്പത്തിക, സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ പുനഃരാരംഭിക്കുമെന്ന് പകര്‍ച്ചവ്യാധി നിയന്ത്രണ ഉദ്യോഗസ്ഥന്‍ ലുവോ പിങ് പറഞ്ഞു.
ഡിസംബര്‍ മുതല്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ചൈനയില്‍ സംഹാര താണ്ഡവമാടിയിരുന്നു. 3000ത്തിലധികം പേരാണ് രോഗം ബാധിച്ച് വുഹാനില്‍ മരിച്ചത്. 50,000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചൈനയിലെ കോവിഡ് മരണങ്ങളില്‍ 77 ശതമാനവും വുഹാനിലാണുണ്ടായത്.

