സംസ്ഥാനത്ത്‌ എട്ടുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം ഏപ്രിൽ 5: കേരളത്തിൽ 8 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നും 5 പേർക്കും പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയിൽ രോഗം ബാധിച്ചവരിൽ 4 പേർ നിസാമുദ്ദീനിൽ നിന്നും ഒരാൾ ദുബായിൽ നിന്നും വന്നതാണ്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചയാൾ ഡൽഹിയിൽ നിന്നും വന്നതാണ്. കണ്ണൂർ, കാസർഗോഡ് ജില്ലയിലുള്ളവർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനിൽ നിന്നും വന്ന 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തിൽ 314 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 6 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നും 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവിൽ 256 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേർ രോഗമുക്തി നേടി ഡിസ്ചാർജായി. രണ്ട് പേർ മുമ്പ് മരണമടഞ്ഞിരുന്നു.

207 ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,57,841 പേർ വീടുകളിലും 776 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 10,221 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →