കൽപ്പറ്റ ഏപ്രിൽ 1 : കർണാടക വഴിയുള്ള ആവശ്യസാധനങ്ങളുടെ ചരക്ക് നീക്കത്തിന് ബുധനാഴ്ച മുതൽ പാസ് എടുക്കേണ്ടതില്ലെന്ന് കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മാനന്തവാടി-സർഗൂർ-ബേഗൂർ നഞ്ചൻകോട്-മൈസൂരു റൂട്ടിലും ബത്തേരി-ഗുണ്ടൽപേട്ട്-മൈസൂരു റൂട്ടിലുമാണ് ചരക്കുനീക്കത്തിന് നിലവിൽ അനുമതിയുള്ളത്. കർണാടകത്തിലേക്ക് പോകുന്ന വാഹനങ്ങൾക്ക് കാട്ടിക്കുളം ആർ.ടി.ഒ. ചെക്‌പോസ്റ്റ്, നൂൽപ്പുഴ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽനിന്ന് പാസെടുത്ത ശേഷമാണ് കടത്തിവിട്ടിരുന്നത്.
ബാവലി ചെക്‌പോസ്റ്റ് വഴിയുള്ള പാതയിലൂടെ ഞായറാഴ്ച മുതലാണ് ചരക്കുവാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്. അതേസമയം അരി, പച്ചക്കറി തുടങ്ങിയ അവശ്യസാധനങ്ങളുമായെത്തുന്ന ചരക്കുവാഹനങ്ങളെ മാത്രമായിരിക്കും കടത്തിവിടുകയെന്നും ജില്ലാഭരണകൂടം വ്യക്തമാക്കി. ഡ്രൈവറും സഹായിയും മാത്രമേ വാഹനത്തിൽ ഉണ്ടാകാവൂ. ഇവരുടെ പേരുവിവരങ്ങൾ ചെക്‌പോസ്റ്റിൽ ശേഖരിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ കർണാടക അതിർത്തികളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സംസ്ഥാനത്തേക്കുള്ള ചരക്ക് ഗതാഗതത്തെ ബാധിച്ചിരുന്നു. സംസ്ഥാന സർക്കാർ ഇടപെട്ടതോടെയാണ് നടപടികളിൽ ഇളവ് വരുത്താൻ കർണാടകം തയ്യാറായത്.

