ന്യൂഡൽഹി മാർച്ച് 31: കൊറോണ വൈറസ് വ്യാപനത്തിൽ തബ് ലീഗ് ജമാഅത്തിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുക്താർ അബ്ബാസ് നഖ്വി. ഡൽഹിയിൽ നിസാമുദ്ദീനിൽ തബ് ലീഗ് ജമാഅത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സംഘടന ചെയ്തത് ‘താലിബാനി അക്രമമാണെന്നും ഈ പാപത്തിന് അവർ മാപ്പർഹിക്കുന്നില്ലെന്നും നഖ്വി പറഞ്ഞു.
രാജ്യം മുഴുവൻ കൊറോണ വൈറസിനെതിരെ ഒന്നിച്ച് പോരാടുമ്പോൾ ഇവർ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും നഖ്വി ട്വീറ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2100 പേർ വിദേശികളാണ് തബ് ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തിയത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നടക്കം പ്രതിനിധികൾ പങ്കെടുത്ത മർകസിലെ കുറച്ച് ആളുകൾ കോവിഡ് 19 ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.