പെൻഷൻ വാങ്ങാൻ ബാങ്കുകളുടെ മുമ്പിൽ വൻനിര

തിരുവനന്തപുരം മാർച്ച്‌ 30: സംസ്ഥാനത്ത് ബാങ്കുകളിൽ പെൻഷൻ വാങ്ങാൻ മാർച്ച് മാസം അവസാനതീയതി ആയതോടെ വൻ തിരക്ക്. തടയാൻ ഒരിടത്തും സംവിധാനമില്ലാതായതോടെ ആശങ്കയിലാണ് സംസ്ഥാനസർക്കാരും ബാങ്കുകളും. വയോധികർ അടക്കമുള്ളവരാണ് ബാങ്കുകൾക്ക് മുന്നിൽ തിക്കിത്തിരക്കുന്നത്. ബാങ്കിനകത്ത് കയറിയാൽ, സാമൂഹ്യാകലം പാലിച്ച് കൃത്യമായി മാത്രമേ ആളുകളെ വരിയിൽ നിർത്തുന്നുള്ളൂ എന്നും, ബാങ്കുകൾക്ക് പുറത്ത് ഒന്നും ചെയ്യാനാകുന്നില്ലെന്നും, മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നുമാണ് ബാങ്കുകൾ വ്യക്തമാക്കുന്നത്. ഇങ്ങനെ ബാങ്കുകൾക്ക് മുന്നിൽ തിക്കിത്തിരക്കിയാൽ, ബാങ്കുകളും ട്രഷറികളും വഴിയുള്ള പെൻഷൻ വിതരണം നിർത്തി വയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

ആൾക്കൂട്ടം പാടില്ല, കൃത്യമായ അകലം പാലിക്കണം, കൈ സാനിറ്റൈസർ വഴി കൈ ശുചിയാക്കി മാത്രമേ അകത്തേയ്ക്ക് കയറാവൂ എന്നെല്ലാം നേരത്തേ തന്നെ ബാങ്കിലെ ജീവനക്കാർ നിർദേശിച്ചിരുന്നതാണ്. ഇത് പാലിച്ചു കൊണ്ടാണ് ആളുകളെ കയറ്റുന്നതും. അതിനാൽത്തന്നെ ബാങ്കുകളുടെ പുറത്ത് വൻ നിര രൂപപ്പെട്ടു. ബ്രാഞ്ചുകളുടെ മുന്നിലും എടിഎമ്മുകളുടെ മുന്നിലും തിരക്കിൽ കൂടുതൽ നിൽക്കുന്നതിൽ ഭൂരിഭാഗവും വയോധികരാണ് എന്നതാണ് പ്രധാനം. 

ഇവർക്ക് ഏറെ നേരം വെയിലത്ത് നിൽക്കാനാകാത്ത സാഹചര്യവുമുണ്ട്. ചില ബാങ്കുകളെങ്കിലും ഇവർക്ക് ഇരിക്കാൻ കസേരകൾ നൽകുന്നുണ്ട്. പക്ഷേ തിരക്ക് നിയന്ത്രണാതീതമായി തുടരുമ്പോൾ എന്ത് ചെയ്യുമെന്ന് ബാങ്ക് അധികൃതർക്കും നിശ്ചയമില്ല.

ഇത്തരത്തിൽ ബാങ്കുകളുടെ മുന്നിൽ തിക്കും തിരക്കും കൂട്ടിയാൽ പെൻഷൻ വിതരണം നിർത്തി വയ്ക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.ജനങ്ങൾ സ്വയം നിയന്ത്രിക്കണം. അതല്ലെങ്കിൽ ഓരോദിവസവും ഇത്ര പേർക്ക് മാത്രമേ പെൻഷൻ നൽകൂ എന്ന് തീരുമാനിക്കേണ്ടി വരും. അത്തരത്തിൽ റേഷനിംഗ് സംവിധാനം കൊണ്ടുവരേണ്ട സാഹചര്യമുണ്ടാകും.

ഇന്ന് വൈകിട്ടോടെ ഇക്കാര്യത്തിൽ എന്തുവേണമെന്ന കാര്യം തീരുമാനിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →