കൊച്ചി മാർച്ച് 30: സംസ്ഥാനത്ത് വിചാരണത്തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഏപ്രിൽ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി ഫുൾ ബെഞ്ച് ഉത്തരവ്. പരമാവധി ഏഴു വർഷത്തിൽ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ളവർക്കാണ് ജാമ്യം ലഭിക്കുക. അതത് ജയിൽ സൂപ്രണ്ടുമാർക്കാണ് കോടതി ഉത്തരവ് അനുസരിച്ച് അർഹരായ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ചുമതല.
രാജ്യം ലോക്ഡൗണിൽ ആയ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികൾ ജാമ്യം ലഭിച്ച് താമസ സ്ഥലത്ത് എത്തിയാൽ ഉടൻ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ജാമ്യത്തിലിറങ്ങുന്നവർ ലോക്ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. ഏതെങ്കിലും കാരണവശാൽ ജാമ്യം ലഭിച്ചവർ സർക്കാർ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയാൽ ഇപ്പോൾ അനുവദിക്കപ്പെട്ടിട്ടുള്ള ഇടക്കാല ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.