ഇടുക്കി മാർച്ച് 19: ആരോഗ്യ, പശ്ചാത്തല, വിനോദ സഞ്ചാര മേഖലകള്‍ക്ക് മുന്‍തൂക്കം നല്കി കട്ടപ്പന നഗരസഭയ്ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് 109 കോടി രൂപയുടെ ബജറ്റ്. 109,70,70,104 രൂപ വരവും 108,47, 80,452 രൂപ ചെലവും 1,22,89,652 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭാ ഉപാദ്ധ്യക്ഷ ടെസി ജോര്‍ജ് അവതരിപ്പിച്ചു. കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ആരോഗ്യ മേഖലയുടെ വികസനത്തിനായി 41 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
കട്ടപ്പന താലൂക്ക് ആശുപത്രിക്ക് മികച്ച സൗകര്യങ്ങളോടെ 40 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കും. പശ്ചാത്തലമേഖലയുടെ വികസനത്തിനായി 17 കോടി 85 ലക്ഷം രൂപ വകയിരുത്തി. ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം 4 കോടി രൂപ, എം.പിയുടെ സഹായത്തോടെ ആധുനിക ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മ്മാണം – ഒരു കോടി രൂപ, ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് – 25 ലക്ഷം രൂപ എന്നിങ്ങനെ ഉള്‍ക്കൊളളിച്ചിരിക്കുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് 5 കോടി രൂപയും ഭവന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപയും ഉള്‍പ്പെടെ പാര്‍പ്പിട മേഖലയ്ക്കായി ആറ് കോടി രൂപ ബജറ്റില്‍ വകയിരുത്തി.
നഗരസഭാ പ്രദേശത്ത് ടൂറിസ്റ്റ് ഹോം നിര്‍മ്മാണത്തിന് 25 ലക്ഷം രൂപയും വകയിരുത്തി. അഗതിമന്ദിരം നിര്‍മ്മിക്കാന്‍ 3.25 കോടി രൂപ ഉള്‍പ്പെടെ വയോജനക്ഷേമത്തിന് 3.60 കോടി രൂപ ഉള്‍പ്പെടുത്തി. കുടിവെള്ള ക്ഷാമപരിഹാരം – 1.63 കോടി രൂപ, വനിതാ ക്ഷേമം – 85 ലക്ഷം രൂപ, ശിശുക്ഷേമം – 1 കോടി 37 ലക്ഷം രൂപ, ഭിന്നശേഷി ക്ഷേമം – 46 ലക്ഷം രൂപ, കാര്‍ഷിക ക്ഷേമം – 47 ലക്ഷം രൂപ, സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണം – 1.93 കോടി രൂപ, വിദ്യാഭ്യാസ മേഖല ഒരു കോടി അഞ്ചുലക്ഷം രൂപ, യുവജനക്ഷേമം, കായികം – 2.61 കോടി രൂപ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമം – 1.25 കോടി രൂപ, തൊഴിലുറപ്പ് -3 കോടി രൂപ, പഴയ ബസ് സ്റ്റാന്റില്‍ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം 6 കോടി രൂപ, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കരുതലായി 24 ലക്ഷം രൂപ എന്നിങ്ങനെയാണ് ബജറ്റില്‍ ഓരോ മേഖലയ്ക്കും തുക വകയിരുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര ചലച്ചിത്ര മേള, ടൂറിസം സര്‍ക്യൂട്ടും അമ്യൂസ്‌മെന്റ് പാര്‍ക്കും, വനിതകള്‍ക്ക് വഴിയോര വിശ്രമകേന്ദ്രം, ഷീ ലോഡ്ജ്, ഫീഡിംഗ് റൂം, നഗര സൗന്ദര്യവത്ക്കരണം, ജിംനേഷ്യം, യോഗ സെന്റര്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കായും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലുടെ വികസനവും ആരോഗ്യ മേഖലയുടെ കരുതലും നഗരസഭയുടെ സമഗ്ര വികസനും ലക്ഷ്യം വയ്ക്കുന്നതാണ് 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റെന്ന് നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.