ശുചിത്വ മാലിന്യ സംസ്‌കരണം: ജില്ലാതല ഓറിയന്റേഷന്‍ സംഘടിപ്പിച്ചു

കാസർഗോഡ് മാർച്ച് 7: ജൈവ-അജൈവ മാലിന്യശേഖരണ സംസ്‌കരണ സംവിധാനങ്ങള്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും  ഒരുക്കുന്നതിനുള്ള കാമ്പയിനിന്റെ  ജില്ലാതല ബോധവല്‍കരണം  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിനെയും ശുചിത്വ പദവിയിലേക്ക് ഉയര്‍ത്താല്‍ ലക്ഷ്യമിടുന്ന ക്യാമ്പയിന്‍ ജില്ലാ ശുചിത്വമിഷനും എം ജി എന്‍ ആര്‍ ഇ ജി എസ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായാണ് നടപ്പാക്കുന്നത്. ക്യാമ്പയിന്‍ മാര്‍ച്ചില്‍ ആരംഭിച്ച് സെപ്തംബര്‍ 30ന് അവസാനിക്കും. ജൈവ-അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണം തൊഴിലുറപ്പിലെ വിവിധ പ്രവര്‍ത്തനങ്ങളുമായി ഏകോപിപ്പിച്ച് നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള പശ്ചാത്തല സൗകര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊരുക്കും. പദ്ധതിയുടെ നടത്തിപ്പിനായി തൊഴിലുറപ്പിന് പുറമെ കുടുംബശ്രീ, ഹരിത കേരളം മിഷന്‍ സേവനവും ഉറപ്പാക്കും. ക്യാമ്പയിനിന്റെ ഭാഗമായി മാര്‍ച്ച് 31 നുള്ളില്‍ ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും ഓറിയന്റേഷന്‍ സംഘടിപ്പിക്കും.

ജൈവ മാലിന്യ സംസ്‌കരണത്തിനായി ഒരു വാര്‍ഡിലെ 50 വീടുകളിലായി ഇരട്ടക്കുഴി കമ്പോസ്റ്റ്, ദീന ബന്ധു ബയോഗ്യാസ് പ്ലാന്റ് എന്നിവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. ദ്രവമാലിന്യ സംസ്‌കരണത്തിനായി വീടുകളിലും പൊതു സ്ഥാപനങ്ങളിലുമായി സോക് പിറ്റുകളും സ്ഥാപിക്കും. ഇവ വാര്‍ഡ് അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ കണ്ടെത്തിയാണ്  സ്ഥാപിക്കുക.  വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് താത്കാലികമായി സൂക്ഷിക്കുന്നതിനായി വാര്‍ഡ് അടിസ്ഥാനത്തില്‍ ഒരോ മിനിഎം.സി.എഫുകള്‍ സ്ഥാപിക്കും. പൊതുസ്ഥാപനങ്ങളോടനുബന്ധിച്ചോ സ്വയം സഹായ സഹകരണ സംഘങ്ങളുടെ സ്ഥലത്തോ  സ്വകാര്യ വ്യക്തികള്‍ സന്നദ്ധരായി അനുവദിക്കുന്ന ഇടങ്ങളിലോ ഇത്തരം മിനി എം.സി.എഫുകള്‍ സ്ഥാപിക്കും. ഇതിനായി  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലം കണ്ടെത്തണം. ആസ്തി വികസനത്തില്‍ ഉള്‍പ്പെടുത്തിയാണ് മിനി എം.സി.എഫുകള്‍ സ്ഥാപിക്കുക. പട്ടികജാതി കോളനികളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കുറവ് നികത്താനായി തുമ്പൂര്‍ മൂഴി മാതൃകയിലുള്ള സംസ്‌കരണ സംവിധാനങ്ങളും, സോക് പിറ്റുകളും, മലിനജല ചാലുകളും നിര്‍മ്മിക്കും. ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു കോളനിയില്‍ ഇത്തരത്തിലുള്ള മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കും. 

ജില്ലാ കളക്ടര്‍ ഡോക്ടര്‍ ഡി. സജിത് ബാബു മുഖ്യപ്രഭാഷണം നടത്തി. പി.എ.യു പ്രോജക്ട് ഡയറക്ടര്‍ കെ പ്രദീപന്‍ അധ്യക്ഷനായി. ഡി.പി.സി സര്‍ക്കാര്‍ പ്രതിനിധി കെ.ബാലചന്ദ്രന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.വി രഞ്ജിത്ത, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി, അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ വി പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →