‘മികവുത്സവം’ സർട്ടിഫിക്കറ്റ് വിതരണം ഞായറാഴ്ച

കാക്കനാട് മാർച്ച് 7: സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ സാമൂഹ്യ സാക്ഷരതാ പദ്ധതികളിൽ വിജയിച്ച പഠിതാക്കൾക്ക് ഞായറാഴ്ച സർട്ടിഫിക്കറ്റ് നല്കും. 3,274 പഠിതാക്കളാണ് വനിതാ ദിനമായ ഞായറാഴ്ച സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നത്. ജില്ലയിലെ 172 വാർഡുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊതു ചടങ്ങിൽ വച്ചാണ് സർട്ടിഫിക്കറ്റ് വിതരണം. 

സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ സാമൂഹ്യ സാക്ഷരതാ പദ്ധതികളായ കോളനി സാക്ഷരത, നവചേതന, അക്ഷര സാഗരം പദ്ധതികളിൽ ചേർന്ന് പഠിച്ച പഠിതാക്കൾക്കായി ഇക്കഴിഞ്ഞ ജനുവരി 5 നാണ് ‘ മികവുത്സവം’ സാക്ഷരതാ പരീക്ഷ സംഘടിപ്പിച്ചത്. 

വിജയികളിൽ 2029 പേർ സ്ത്രീകളും 1245 പേർ പുരുഷന്മാരുമാണ്. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന’ ചങ്ങാതി’ പദ്ധതിയിൽ 105 പഠിതാക്കൾ പരീക്ഷ എഴുതി വിജയിച്ചിരുന്നു. ജനുവരി 19 നായിരുന്നു ഇവർ പരീക്ഷ എഴുതിയത്.

Share
അഭിപ്രായം എഴുതാം