ന്യൂഡല്‍ഹി മാര്‍ച്ച് 7: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ നല്‍കിയ മാനനഷ്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കി. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടം ഈടാക്കരുതെന്ന കോടതി പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പുനപരിശോധനാ ഹര്‍ജി നല്‍കിയത്.
കുറ്റവിമുക്തനായശേഷവും തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരാണ് ഇതിന് കൂട്ടുനിന്നതെന്നും കാണിച്ച് നമ്പി നാരായണന്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. അന്നത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഒരു കോടി 30 ലക്ഷം ആവശ്യപ്പെട്ട് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തത്. പിന്നീട് സംസ്ഥാന സര്‍ക്കാരുമായുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ നമ്പി നാരായണന്‍ കേസ് പിന്‍വലിച്ചു. എന്നാല്‍ കോടതി രേഖകളില്‍ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടം ഈടാക്കാന്‍ പാടില്ലെന്നൊരു പരാമര്‍ശം കോടതി വിധിയിലുണ്ട്. കോടതിയുടെ മുമ്പാകെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല.