കോഴിക്കോട് മാർച്ച് 7: ജില്ലയില്‍ പക്ഷിപ്പനി ഫലപ്രദമായി പ്രതിരോധിക്കുന്നതിന് മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ.കെ.രാജുവിന്റെ നേതൃത്വത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കൊടിയത്തൂര്‍, വേങ്ങരി എന്നിവിടങ്ങളില്‍ വളര്‍ത്തുകോഴികളിലാണ് പക്ഷിപ്പനി രോഗബാധ കണ്ടെത്തിയത്. മാര്‍ച്ച് മൂന്നിന് കൊടിയത്തൂരിലെ ഒരു കോഴിഫാമില്‍ കുറഞ്ഞ സമയംകൊണ്ട് നിരവധി കോഴികള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് സാമ്പിളുകള്‍ ശേഖരിക്കുകയും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ അയച്ച് രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു.
നിലവിലെ സ്ഥിതിയില്‍ ഇത് പക്ഷികളെ മാത്രം ബാധിക്കുന്ന രോഗമാണെന്നും ഇന്ത്യയിലെവിടെയും ഇതുവരെ മനുഷ്യരിലേക്ക് പകരുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും അതിനാല്‍ ഭയാശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.കെ.പ്രസാദ് അറിയിച്ചു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം രോഗബാധിതപ്രദേശമായി പ്രഖ്യാപിച്ചു. രോഗനിയന്ത്രണ പ്രവത്തനങ്ങള്‍ക്കായി ഇതിനു പുറത്തു ഒമ്പത് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം സൂക്ഷ്മ നിരീക്ഷണ പ്രദേശമായി രേഖപ്പെടുത്തുകയും പക്ഷികളുടെ കണക്കുകള്‍ ശേഖരിക്കുകയും ചെയ്തു. രോഗബാധിത പ്രദേശത്തുള്ള മുഴുവന്‍ പക്ഷികളെയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ദേശീയ മാര്‍ഗ്ഗരേഖ പ്രകാരം കൊന്നു മറവുചെയ്യും.

