വനിതാ ദിനത്തിൽ വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യും

തൃശൂർ മാർച്ച് 6: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് കുന്നംകുളം നഗരസഭയിലെ വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യും. സ്ത്രീ സൗഹൃദ നഗരസഭ എന്ന ലക്ഷ്യത്തോടെയാണ് വനിതാ ഹോസ്റ്റൽ ആരംഭിക്കുന്നത്. മുൻ വ്യവസായ വകുപ്പ് മന്ത്രി സുശീല ഗോപാലന്റെ നാമധേയത്തിലുള്ള വനിത ഹോസ്റ്റൽ 68 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ നിർമ്മിച്ചിരിക്കുന്നത്. കുന്നംകുളത്തെത്തുന്ന വനിതകൾക്ക് ഷീ ലോഡ്ജായും വനിതാ ഹോസ്റ്റൽ പ്രവർത്തിക്കും. പിഎസ്‌സി പരീക്ഷയ്ക്കും മറ്റ് ജോലി സംബന്ധമായ ആവശ്യങ്ങൾക്കുമെല്ലാം നഗരത്തിലെത്തുന്ന വനിതകൾക്ക് ഏറെ സുരക്ഷിതമായ ഇടമാവും വനിതാ ഹോസ്റ്റൽ. ഗുരുവായൂർ റോഡിൽ ഗേൾസ് ഹൈസ്‌കൂളിന് സമീപത്താണ് രണ്ടു നിലകളിലായി വനിതാ ഹോസ്റ്റൽ പ്രവർത്തനം ആരംഭിക്കുന്നത്.

വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം ഞായറാഴ്ച ( മാർച്ച് 8 ) രാവിലെ 10ന് ഗുരുവായൂർ റോഡിൽ ഗേൾസ് ഹൈസ്‌കൂളിനു സമീപത്തെ നഗരസഭ ഫാമിലി ക്വാർട്ടേഴ്സ് അങ്കണത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൻ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഗീതാ ശശി, കെ കെ മുരളി, സുമ ഗംഗാധരൻ, കെ കെ ആനന്ദൻ, മിഷ സെബാസ്റ്റ്യൻ, സെക്രട്ടറി കെ കെ മനോജ് തുടങ്ങിയവർ പങ്കെടുക്കും. സ്ത്രീ സൗഹൃദ നഗരസഭ പദ്ധതിയുടെ ഭാഗമായി മാർച്ച് 7 രാവിലെ 10. 30ന് നഗരസഭ ഓഫീസിൽ മുലയൂട്ടൽ കേന്ദ്രം ഉദ്ഘാടനം ചെയ്യും.

Share
അഭിപ്രായം എഴുതാം