സർക്കാർ ഓഫീസുകളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത ഓഡിറ്റിംഗ്

തൃശൂർ മാർച്ച് 6: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും ഹരിതപെരുമാറ്റ (ഗ്രീൻ പ്രോട്ടോക്കോൾ) ചട്ടപാലനം പരിശോധനയിലൂടെ വിലയിരുത്താനും ന്യൂനതകളുണ്ടെങ്കിൽ പരിഹാര നടപടി കൈക്കൊള്ളുന്നതിനുമായി സർക്കാർ നിർദ്ദേശപ്രകാരം ഹരിതകേരളം മിഷൻ ഹരിത ഓഡിറ്റിംഗ് നടത്തുന്നു. ഹരിത പെരുമാറ്റച്ചട്ടം മികച്ച രീതിയിൽ അനുവർത്തിക്കുന്ന ഓഫീസുകൾക്ക് ഗ്രേഡ് നൽകി ഹരിത ഓഫീസ് സാക്ഷ്യപത്രം നൽകും. ഇതിനു പുറമേ ഏറ്റവും മികച്ചതും അനുകരണീയ മാതൃക സൃഷ്ടിച്ചതുമായ ഓഫീസുകൾക്ക് അനുമോദനവും പുരസ്‌കാരവും നൽകും. ഇതിനായി സംസ്ഥാനതലം മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനതലം വരെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലും പരിശോധനയ്ക്കായി പ്രത്യേക പരിശീലനം നൽകിയ സംഘത്തെ നിയോഗിക്കും.

2020 മാർച്ചു മാസത്തിൽ തന്നെ ഓഡിറ്റിംഗ് നടത്താനാണ് തീരുമാനം. ഹരിതകേരളം മിഷനും ശുചിത്വ മിഷനും നേതൃത്വം നൽകുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഹരിതപെരുമാറ്റ ചട്ടം പാലിക്കണമെന്ന് നിഷ്‌കർഷിച്ച് 2018ൽ തന്നെ ഗവ.ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എല്ലാ സർക്കാർ ഓഫീസുകളിലും ഹരിതപെരുമാറ്റചട്ടം ഉറപ്പുവരുത്താൻ നോഡൽ ഓഫീസറെ നിയോഗിക്കുക, പേപ്പറിലും പ്ലാസ്റ്റിക്കിലും തെർമോക്കോളിലും മറ്റും നിർമ്മിച്ച എല്ലാ ഇനം ഡിസ്‌പോസബിൾ വസ്തുക്കളുടെ ഉപയോഗവും പൂർണമായും ഒഴിവാക്കുക, കഴുകി പുനരുപയോഗിക്കാവുന്ന പാത്രങ്ങൾ സജ്ജമാക്കുകയും ഉപയോഗിക്കുകയും ചെയ്യുക, ജൈവ-അജൈവ പാഴ്‌വസ്തുക്കൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് പ്രത്യേകം ബിന്നുകൾ സ്ഥാപിക്കുക, ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് കമ്പോസ്റ്റ്/ബയോബിന്നുകൾ സ്ഥാപിക്കുക, അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിനും സംസ്‌കരണത്തിന് കൈമാറുന്നതിനും സംവിധാനം ഒരുക്കുക, ഇ-മാലിന്യം, ഉപയോഗശൂന്യമായ ഫർണിച്ചറുകൾ, പേപ്പറുകൾ എന്നിവ നീക്കം ചെയ്യുന്നതിന് സംവിധാനം ഏർപ്പെടുത്തുക, സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗപരിമിതർക്കും പ്രത്യേകം പ്രത്യേകം ശുചിമുറി സംവിധാനം ഒരുക്കുക തുടങ്ങിയ മാനദണ്ഡങ്ങളാണ് ഹരിതപെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സർക്കാർ ഉത്തരവിനെത്തുടർന്ന് സംസ്ഥാനത്ത് പതിനായിരത്തിലധികം സർക്കാർ ഓഫീസുകൾ ഇതിനകം ഹരിതപെരുമാറ്റച്ചട്ടം പാലിച്ചുവരുന്നുണ്ട്. ബാക്കിയുള്ള എല്ലാ ഓഫീസുകളിലും ഇത് ഉറപ്പ് വരുത്തി ഹരിതപെരുമാറ്റച്ചട്ടം പൂർണമായും നടപ്പാക്കാനാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളതെന്ന് ഹരിതകേരളം എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ അറിയിച്ചു.

Share
അഭിപ്രായം എഴുതാം