തിരുവനന്തപുരം മാർച്ച് 5: കെ.എസ്.ആര്‍.ടി.സി മിന്നല്‍ സമരവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സര്‍ക്കാരിന് കൈമാറുമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പ്രശ്നമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. പോലീസില്‍ നിന്നും കെ.എസ്.ആര്‍.ടി.സി അധികൃതരില്‍ നിന്നും വിവരങ്ങള്‍ തേടി. ജനജീവിതം സ്തംഭിപ്പിക്കുന്ന പ്രവൃത്തിയുണ്ടായത് ഗൗരവമായാണ് കാണുന്നത്. എസന്‍ഷ്യല്‍ സര്‍വീസ് മെയിന്റനന്‍സ് ആക്ട് (എസ്മ) പ്രകാരമുള്ള നടപടികള്‍ക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.