കാസർഗോഡ് മാർച്ച് 4: ജില്ലയിലെ വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്ന ‘കൂട്ട്’ പദ്ധതിയില്‍ വിവരശേഖരണത്തിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായി. ഭര്‍ത്താവ് മരിച്ചവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍ തുടങ്ങി നിരാലംബരായ വിധവകളുടെ ക്ഷേമത്തിനും ഉന്നമത്തിനും പദ്ധതി സഹായകമാകുന്ന പദ്ധതിയില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും വാര്‍ഡ് തലത്തില്‍ ആപ്പ് ഉപയോഗിച്ച് സര്‍വേ നടത്താന്‍ ആശ വര്‍ക്കര്‍മാര്‍ക്കാണ് ചുമതല. വിധവകളുടെ വ്യക്തിഗത വിവരങ്ങള്‍, കുടുംബം, വിദ്യാഭ്യാസ യോഗ്യത, ആരോഗ്യനില, പുനര്‍വിവാഹത്തിനുള്ള താത്പര്യം തുങ്ങിയവ വിവരങ്ങളാണ് സര്‍വ്വെയിലൂടെ ശേഖരിക്കുന്നത്. ഒരു മാസം കൊണ്ട് ഫൈനെക്സ്റ്റ് ഇന്നവേഷന്‍ എന്ന സ്റ്റാര്‍ട്അപ് മിഷന്റെ സഹായത്തോടെയാണ് കൂട്ടിനായുള്ള പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കിയത്. മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ ആപ്പില്‍ ലഭ്യമാണ്.
സര്‍വ്വേ പൂര്‍ത്തിയായതിനുശേഷം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട വിധവകളായ സ്ത്രീകള്‍ക്ക് അനുയോജ്യമായ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ കീഴില്‍ ലഭിക്കേണ്ട സാമ്പത്തിക സഹായവും അര്‍ഹമായ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമേ വിധവ സംരക്ഷണ സമിതിയുടെയും പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധരായ സംഘടനകളെയും എന്‍.ജി.ഒ കളുടെയും സഹകരണം തേടും. നിലവിലുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴില്‍ തൊഴില്‍, നൈപുണ്യ പരിശീലനം നല്‍കി വിധവകളെ സ്വയം പര്യാപ്തരാക്കും. കൂടാതെ സംരംഭങ്ങള്‍ തുടങ്ങുന്നതിനും മറ്റും ബാങ്ക് വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
വിധവകളുടെ ക്ഷേമത്തിനും ഉമനത്തിനുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണവും ഇതോടൊപ്പം നടക്കും. പുനര്‍വിവാഹത്തിന് താല്പര്യമുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങളും നല്‍കും. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു മുന്‍കയ്യെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂട്ട് ആപ്ലിക്കേഷന്‍ ട്രെയിനിംഗ് പ്രോഗ്രാമിന് ഫൈനെക്സ്റ്റ് പ്രതിനിധി അഭിലാഷ് സത്യന്‍ നേതൃത്വം നല്‍കി. വനിതാ ക്ഷേമ ഓഫീസര്‍ എം വി സുനിത, ജില്ലാ ആശാ കോ-ഓര്‍ഡിനേറ്റര്‍ പി ശശികാന്ത് എന്നിവര്‍ പങ്കെടുത്തു.