തിരുവനന്തപുരം ഫെബ്രുവരി 29: പാലുത്പന്നങ്ങളുടെ മൂല്യവർധിത സാധ്യത ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമ്പരാഗത രീതികൾക്ക് പകരം കാലാനുസൃതമായ സാങ്കേതികമാറ്റത്തിന് ക്ഷീരമേഖല തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ക്ഷീരസംഗമത്തിന്റെ സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യമാർന്ന പാലുത്പന്നങ്ങളുടെ ഗുണമേൻമ മനസിലാക്കുന്നതിനും അവ ജനങ്ങളെ വേണ്ടവിധം ബോധ്യപ്പെടുത്തി വിപണനം വർധിപ്പിക്കാനുമുള്ള സാധ്യതകൾ നാം വേണ്ടവിധം ഉപയോഗപ്പെടുത്തണം.
പാലുത്പാദനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണ്. ഗ്രാമീണതലത്തിൽ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും പ്രാദേശിക വിപണനം കഴിഞ്ഞ് പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ സംഭരിക്കാൻ കഴിയുന്നുവെന്നതാണ് നമ്മുടെ പ്രത്യേകത. ഇവ സംസ്‌കരണശാലകളിൽ എത്തിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനും അവ വിപണിയിലെത്തിച്ച് ഉത്പാദന, സംസ്‌കരണ, വിപണന ശൃംഖല സൃഷ്ടിച്ചെടുക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഇനിയും ശക്തിപ്പെടുത്തും. കർഷകരെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിൽ മൂല്യവർധിത ഉത്പന്നങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകും. ഓരോ ക്ഷീരസംഘത്തിലും ഉത്പാദിപ്പിക്കുന്ന പാലിന്റെ നിശ്ചിത ശതമാനമെങ്കിലും മൂല്യവർധിത ഉത്പന്നങ്ങളാക്കാൻ നമുക്ക് കഴിയണം. അതിനുള്ള പരിശീലനം കർഷകർക്ക് ലഭ്യമാകാൻ വെറ്ററിനറി സർവകലാശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹായം സ്വീകരിക്കാനാകണം. ക്രീം മാറ്റാത്തതും സംസ്‌കരണ പ്രക്രിയ നടത്താത്തതുമായ ഫാം ഫ്രഷ് മിൽക്കിന് ആവശ്യക്കാരേറെയാണ്. ആ സാധ്യതയും നാം പ്രയോജനപ്പെടുത്തണം. ക്ഷീരമേഖലയിൽ ഫാമിംഗ്, സംസ്‌കരണ മേഖലകളിൽ മികച്ച സാങ്കേതിക വളർച്ചയുണ്ടാകുന്നുണ്ട്. പരമ്പരാഗത കാഴ്ചപ്പാടുകളിൽ നിന്ന് മാറാൻ കർഷകർ തയാറാകണം. ധാരാളം ചെറുപ്പക്കാർ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ആധുനികവത്കരണവും യന്ത്രവത്കരണവും അവർ ആഗ്രഹിക്കുന്നു. അതിനനുസരിച്ചുള്ള നൂതന ഉപകരണങ്ങൾ അവർക്ക് ലഭ്യമാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷീരമേഖലയുടെ ശാക്തീകരണത്തിനും കർഷകരുടെ സംരക്ഷണത്തിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ നാം ക്ഷീരസ്വയംപര്യാപ്തയിലേക്ക് കുതിക്കുകയാണ്. സംസ്ഥാനത്തിന് ആവശ്യമായതിന്റെ 94 ശതമാനം ഉത്പാദനം നമുക്ക് സൃഷ്ടിക്കാനായി. പുതിയ തലമുറ ഉരുക്കൾ സംസ്ഥാനത്ത് തന്നെ വളർത്തിയെടുക്കുന്നതിലും, കർഷകർക്ക് അവ ലഭ്യമാക്കുന്നതിനും ആരംഭിച്ച കിടാരിപാർക്കുകൾ കർഷകർക്ക് ഏറെ ഉപകാരപ്രദമാണ്. വരുംവർഷങ്ങളിൽ കൂടുതൽ കിടാരി പാർക്കുകൾ ആരംഭിക്കും.
കർഷകരുടെ സാമൂഹ്യ, സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ക്ഷീരകർഷകരുടെ ക്ഷേമപെൻഷൻ പ്രതിമാസം 500 രൂപയായിരുന്നത് 1300 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. കുടുംബപെൻഷൻ 150 രൂപയിൽനിന്ന് 550 രൂപയാക്കി. കടക്കെണിയിലായ ക്ഷീരകർഷകർക്ക് സമാശ്വാസമായി അഞ്ചുകോടി രൂപയാണ് അനുവദിച്ചത്. ഇതുവഴി 2,285 കർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താനായി
രാജ്യത്താദ്യമായി വനിതാ ക്ഷീരകർഷകരുടെ സാമൂഹ്യവും സാമ്പത്തികവുമായ അവസ്ഥാനിർണയത്തിനായുള്ള വിവരശേഖരണം പൂർത്തിയായിട്ടുണ്ട്. വനിതാകർഷകരുടെ ക്ഷീരസഹകരണമേഖലയിലെ ഭരണപങ്കാളിത്തം, സാമൂഹ്യാവസ്ഥ, സാമ്പത്തികസ്ഥിതി, വിദ്യാഭ്യാസം തുടങ്ങിയവ ഈ സർവേയിൽ ശേഖരിച്ചിട്ടുണ്ട്. ഭാവിയിൽ സ്ത്രീശാക്തീകരണത്തിലധിഷ്ഠിതമായ പദ്ധതികൾ രൂപീകരിക്കുന്നതിൽ സർവേ സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച ക്ഷീര കർഷക പാർലമെന്റേറിയൻമാർക്കുള്ള അവാർഡ് ദാനവും മുഖ്യമന്ത്രി നിർവഹിച്ചു. മികച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഭാരവാഹികളെ അദ്ദേഹം ആദരിച്ചു.
ചടങ്ങിൽ വനം-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ: കെ. രാജു അധ്യക്ഷത വഹിച്ചു. ക്ഷീര സഹകാരി അവാർഡ് ദാനം കെ.സി. ജോസഫ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ഒ. രാജഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ, ക്ഷീരവികസന ഡയറക്ടർ എസ്. ശ്രീകുമാർ, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. ഫെബ്രുവരി 25ന് ആരംഭിച്ച സംസ്ഥാന ക്ഷീരസംഗമവും ഡെയറി എക്സ്പോയുമാണ് സമാപിച്ചത്.