തിരുവനന്തപുരം ഫെബ്രുവരി 26: അസൗകര്യങ്ങളിൽ ഉഴലുന്ന ചാലയെ പഴയപ്രൗഢിയിലേക്ക് കൊണ്ടുവരാൻ ചാല പൈതൃകത്തെരുവ് നവീകരണം പൂർത്തിയാകുന്നതോടെ സാധ്യമാകുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ മാത്രം ടൂറിസം വകുപ്പ് മുഖേന നടപ്പാക്കി വരുന്നത് 450 കോടി രൂപയുടെ പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് നടപ്പാക്കുന്ന ചാല പൈതൃകത്തെരുവ് നവീകരണത്തിന്റെ ഒന്നാംഘട്ടവികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂറിന്റെ സാംസ്‌കാരികചരിത്രത്തിന്റെ ഭാഗമാണ് ചാല കമ്പോളം. വ്യാപാരികളുടെ ആശങ്കകളും അഭിപ്രായവും പരിഗണിച്ചാണ് ചാല നവീകരണം മുന്നോട്ടുപോകുന്നത്. 10 കോടി രൂപയുടെ പദ്ധതി പൂർണമായി യാഥാർഥ്യമാകുമ്പോൾ സംസ്ഥാനത്തിന്റെ അഭിമാനമാകും. കിഴക്കേക്കോട്ട മുതൽ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും ആര്യശാല ജംഗ്ഷന് മുഖഛായയും കൈവരും. മാലിന്യസംരക്ഷണത്തിന് നഗരസഭ, ശുചിത്വമിഷൻ, ട്രിഡ എന്നിവയുടെ സഹായത്തോടെ വിപുലമായ പദ്ധതി വരും. ഇതിനുപുറമേ, സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള വികസനങ്ങൾ കൂടി വരുമ്പോൾ ചാല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. സ്മാർട്ട് റോഡുകൾ, ഭൂഗർഭ കേബിളുകൾ, പൂന്തോട്ടം, നടപ്പാത തുടങ്ങിയവ ഇതിന്റെ ഭാഗമായി വരും. അട്ടക്കുളങ്ങരയിലെ ട്രിഡയുടെ ഭൂമിയിൽ വലിയ വെയർ ഹൗസ് സ്ഥാപിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ബസ് സ്റ്റാൻഡിൽ നിന്ന് ചാലയിലേക്ക് സബ്‌വേ പണിയാനും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പരിഗണനയിലുണ്ട്.
ചാല പൈതൃകത്തെരുവ് നവീകരണത്തിന്റെ ഒന്നാംഘട്ടത്തിൽ പച്ചക്കറി ചന്തയുടെ നവീകരണമാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 233 കടകളാണ് നിർമിച്ചത്. കിഴക്കേക്കോട്ട മുതൽ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും ആര്യശാല ജംഗ്ഷന് പുതിയ മുഖച്ഛായ ഈ പദ്ധതി പ്രകാരം സൃഷ്ടിക്കും. ചാലയുടെ ഗതകാല സ്മരണകളും തിരുവിതാംകൂറിന്റെ ചരിത്രവും ആലേഖനം ചെയ്യുന്ന ചിത്രമതിലുകൾ, മേൽക്കൂരയോടു കൂടിയ നടപ്പാത, വിശ്രമബെഞ്ചുകൾ, പ്രവേശന കവാടങ്ങൾ, അമിനിറ്റി സെൻറർ, ആര്യശാല ജംഗ്ഷനിൽ പഴയ തിരുവിതാംകൂർ ദിവാൻ രാജാ കേശവദാസിന്റെ പ്രതിമ തുടങ്ങി പരമ്പരാഗത ഭംഗി നിലനിർത്തിക്കൊണ്ടുള്ള വികസനപ്രവർത്തനങ്ങളും സൗന്ദര്യവത്കരണവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.
ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ കെ. ശ്രീകുമാർ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ എസ്.കെ.പി രമേഷ്, ആർകിടെക്ട് ജി. ശങ്കർ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, സംഘാടക സമിതി കൺവീനർ എസ്.എ സുന്ദർ, കെ. ചിദംബരം തുടങ്ങിയവർ സംബന്ധിച്ചു.