ന്യൂഡല്‍ഹി ഫെബ്രുവരി 21: ജമ്മുകാശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിമാരുടെ അടുത്ത സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടപടി ആരംഭിച്ചു. കാശ്മീരിലെ പത്ത് ജില്ലകളില്‍ രണ്ട് ദിവസം തങ്ങി മന്ത്രിമാര്‍ ജനങ്ങളുമായി ആശയവിനിമയം നടത്തും. രണ്ടാം സന്ദര്‍ശനത്തില്‍ 40 മന്ത്രിമാര്‍ പത്ത് ജില്ലകളിലായി നൂറിലധികം പരിപാടികളില്‍ പങ്കെടുക്കും. ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുമായി സംസാരിച്ച് ആത്മവിശ്വാസം നല്‍കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഏപ്രില്‍ 3ന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ മന്ത്രിമാര്‍ പുറപ്പെടും. കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് വിലയിരുത്തുകയും ചെയ്യും. കഴിഞ്ഞ മാസം 16ന് 37 കേന്ദ്ര മന്ത്രിമാര്‍ 12 ജില്ലകളിലായി 100 പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നു. ജമ്മു കാശ്മീരിന്റെ വികസനത്തിനായി 210 പദ്ധതികളും അന്ന് പ്രഖ്യാപിച്ചു.