ന്യൂഡല്‍ഹി ഫെബ്രുവരി 19: മലിനീകരണം തടയാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള പദ്ധതിയെക്കുറിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നേരിട്ടെത്തി വിശദീകരിക്കാമോയെന്ന് സുപ്രീംകോടതി. പദ്ധതിയെപ്പറ്റി അറിയാന്‍ മന്ത്രിയെ ക്ഷണിക്കുകയാണ് ചെയ്തതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. വിഷയത്തില്‍ മന്ത്രിക്ക് നോട്ടീസല്ല അയക്കുന്നതെന്നും കോടതി വ്യക്തമാക്കി.
മന്ത്രിക്ക് നൂതനമായ ആശയങ്ങളാണ് ഉള്ളതെന്നും കോടതിയിലെത്തി ഞങ്ങളെ സഹായിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മന്ത്രി നേരിട്ട് ഹാജരായാല്‍ അത് തെറ്റായ സന്ദേശമാകുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രതികരിച്ചത്. കോടതി മന്ത്രിയെ വിളിച്ചുവരുത്തുകയല്ലെന്നും നേരിട്ട് ഹാജരാകാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.

