ന്യൂഡല്‍ഹി ഫെബ്രുവരി 18: വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിയ രണ്ടാം സംഘത്തിലെ 220 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് അന്തിമ പരിശോധനാ ഫലം. ഹരിയാന മനേസറിലെ ക്യാമ്പില്‍ നിന്ന് ഇവരെ വീടുകളിലേക്ക് അയക്കും. കഴിഞ്ഞ ദിവസം ഡല്‍ഹി ചാവ്ളയിലെ ക്യാമ്പിലുള്ള 324 പേര്‍ക്കും രോഗമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇരു ക്യാമ്പികളിലുമായി അമ്പതിലേറെ മലയാളികളുമുണ്ട്.
രോഗമില്ലെന്ന് കണ്ടെത്തിയ മലയാളികളുടെ ആദ്യ സംഘം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തും. ഈ മാസം ഒന്ന്, രണ്ട് തീയതികളിലായാണ് രണ്ട് വിമാനങ്ങളിലായി 650ലേറെ ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചത്.
ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1868 ആയി. രോഗം ബാധയേറ്റവരുടെ എണ്ണം 72,000 കടന്നു. കുട്ടികളില്‍ കൊറോണ മരണ നിരക്ക് കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

