വിശപ്പ് രഹിത കേരളം പദ്ധതി: 25 രൂപക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍

തിരുവനന്തപുരം ഫെബ്രുവരി 7: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതി ഊര്‍ജ്ജിതമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരിക്കും ഭക്ഷണ ശാലകള്‍ ആരംഭിക്കുകയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിശപ്പ് രഹിത കേരളം പദ്ധതിക്കായി ഭക്ഷ്യവകുപ്പ് പദ്ധതികള്‍ തയ്യാറാക്കി. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം ഇവ നടപ്പിലാക്കും. കിടപ്പുരോഗികള്‍ക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിക്കും. പത്ത് ശതമാനം ഊണുകള്‍ സൗജന്യമായി സ്പോണ്‍സര്‍മാരെ ഉപയോഗിച്ച് നല്‍കണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തെരഞ്ഞെടുത്താല്‍ റേഷന്‍ വിലയ്ക്ക് സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കും.

അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രില്‍ മാസം മുതല്‍ പ്രഖ്യാപിക്കും. 2020-21 വര്‍ഷം പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി പ്രത്യേക ധനസഹായമായി 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →