ന്യൂഡല്‍ഹി ജനുവരി 11: ഇന്ത്യയുടെ തേജസ് യുദ്ധവിമാനത്തിന്റെ നാവിക പതിപ്പിന്റെ സുപ്രധാന പരീക്ഷണം വിജയം. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന് തേജസിന്റെ പ്രോട്ടോടൈപ്പ് വിമാനം വിജയകരമായി കപ്പലില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് പരീക്ഷണം നടന്നത്.
കമാന്‍ഡര്‍ ജയ്ദീപ് മോളങ്കറാണ് പരീക്ഷണ സമയത്ത് തേജസ് വിമാനം പറത്തിയതെന്ന് ഡിആര്‍ഡിഒയുടെ പ്രസ്താവനയില്‍ പറയുന്നു. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദനമറിയിച്ചു. എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയും ഡിആര്‍ഡിഒയും ചേര്‍ന്നാണ് തേജസ് വിമാനത്തിന്റെ നാവികസേനാ പതിപ്പ് വികസിപ്പിച്ചത്.