മലപ്പുറം ജനുവരി 3: വര്‍ദ്ധിച്ചുവരുന്ന ഡീസല്‍ വില ഉള്‍പ്പടെയുള്ള അധിക ബാധ്യതകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് ഒഴിവാക്കുന്നു. പെര്‍മിറ്റ് തിരിച്ചേല്‍പ്പിച്ചാണ് ബസുടമകള്‍ സര്‍വ്വീസ് വ്യാപകമായി നിര്‍ത്തലാക്കുന്നത്. വിലവര്‍ദ്ധനയ്ക്ക് പുറമെ ഡീസലിന്റെ ഗുണനിലവാരവും കുറഞ്ഞതോടെ 10 മുതല്‍ 15 ശതമാനം വരെ അധിക ബാധ്യതയാകുന്നതായി ബസുടമകള്‍ പറയുന്നു. ഇന്‍ഷുറന്‍സ്, ടയര്‍, തേയ്മാനം, സ്പെയര്‍ പാര്‍ട്സ് എന്നിവയിലുണ്ടായ വര്‍ദ്ധനവും ബസ് വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സ്വകാര്യ ബസ് വ്യവസായ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ബസുടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ഇനിയും നടപ്പിലാക്കിയിട്ടില്ല. പ്രതിസന്ധികള്‍ മറികടക്കാനായി ചാര്‍ജ്ജ് വര്‍ദ്ധനവ്, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പരിഷ്ക്കരണം, ജിഎസ്ടി ഇളവ് എന്നീ മാര്‍ഗങ്ങളാണ് ഉടമകള്‍ മുന്നോട്ട് വെയ്ക്കുന്നത്.

