തൃശ്ശൂര്‍ ഡിസംബര്‍ 20: ഉപഭോക്തൃനിയമം ഇന്ത്യയില്‍ നിലവില്‍ വന്നിട്ട് 33 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 1986 ഡിസംബര്‍ 24ന് ആണ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പാസാക്കിയത്. നിയമത്തിന്റെ പരിധിയില്‍ സാധനങ്ങളും സേവനങ്ങളും ജനങ്ങള്‍ക്ക് സത്യസന്ധമായി ലഭിക്കുന്നില്ലെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും അത്തരം കേസുകള്‍ ജില്ല, സംസ്ഥാന, ദേശീയ ഉപഭോക്തൃ കോടതികളില്‍ തീര്‍പ്പാക്കാനും വ്യവസ്ഥയുണ്ട്. നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള കച്ചവടതന്ത്രങ്ങളും, ജനങ്ങളെ ചൂഷണം ചെയ്യലും, വിലക്കയറ്റവും, ഭക്ഷ്യോല്പന്നങ്ങളില്‍ മായം ചേര്‍ക്കലും സാധാരണക്കാരെ വലയ്ക്കുന്നു.
ഇതിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി കണ്‍സ്യൂമര്‍ കെയര്‍ സെന്റര്‍ ഓഫ് കേരള നടത്തുന്ന സമ്മേളനം 2019 ഡിസംബര്‍ 22ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടക്കും. അഖിലകേരള അടിസ്ഥാനത്തില്‍ രാവിലെ 9.30ന് പ്രസംഗ മത്സരവും നടക്കും. മുന്‍ കേരള സ്പീക്കറും എംഎല്‍എയുമായിരുന്ന അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കണ്‍സ്യൂമര്‍ കെയര്‍ സെന്റര്‍ (സിസിസി) ജനറല്‍ സെക്രട്ടറി എംകെ ജനാര്‍ദ്ദനന്‍, സിസിസിപ്രസിഡന്റ് അഡ്വ.ജേക്കബ്ബ് പുതുശ്ശേരി, അഡ്വ. ജോണ്‍ ജോസഫ്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, മുന്‍ കോര്‍പ്പറേഷന്‍ മേയര്‍ കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

