ന്യൂഡല്‍ഹി ഡിസംബര്‍ 12: മുതിര്‍ന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവരെ ഉപേക്ഷിച്ചാല്‍ ആറുമാസം വരെ തടവു ശിക്ഷയും 10,000 രൂപ പിഴയും ലഭിക്കും. ഇവര്‍ക്ക് നേരെയുള്ള മാനസികവും ശാരീരികവുമായ ഉപദ്രവം എന്നിവയും ശിക്ഷാര്‍ഹമാണ്. വസ്ത്രം, ഭവനം, ആരോഗ്യപരിചരണം, ഭക്ഷണം, സുരക്ഷ എന്നിവ സംരക്ഷകര്‍ ലഭ്യമാക്കണം.
ഇവ പാലിക്കാത്ത മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന ട്രൈബ്യൂണലുകളില്‍ പരാതി നല്‍കാം. പരാതി ലഭിച്ച് 90 ദിവസത്തിനകം തന്നെ തീര്‍പ്പാക്കണം. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ 60 ദിവസത്തിനുള്ളിലും പരാതി തീര്‍പ്പാക്കണം. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാന്‍ ഒരോ പോലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ 3 മാസം തടവും 5000 രൂപ പിഴയുമെന്ന 2007ലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്യുന്നത്.

