ഉന്നാവ് ജില്ലയിലെ ബലാത്സംഗ കേസുകള്‍: കര്‍ശന നടപടിയെടുക്കാന്‍ ഐജിയുടെ നിര്‍ദ്ദേശം

ലഖ്നൗ ഡിസംബര്‍ 10: ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലെ ബലാത്സംഗ കേസുകളില്‍ എത്രയും പെട്ടെന്ന് കര്‍ശന നടപടിയെടുക്കാന്‍ ഐജിയുടെ നിര്‍ദ്ദേശം. അതിനിടയില്‍ ഉന്നാവിലെ 23കാരിക്ക് പോലീസ് ചികിത്സ വൈകിച്ചെന്ന ആരോപണവുമായി സഹോദരിയും രംഗത്തെത്തി. ജില്ലയില്‍ ബലാത്സംഗ കേസുകള്‍ വര്‍ദ്ധിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഐജി എസ്കെ ഭട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉന്നാവില്‍ മാത്രം ജനുവരി മുതല്‍ ഇതുവരെ 86 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 186 ലൈംഗിക കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ 23 കാരിയെ തീകൊളുത്തി കൊന്ന സംഭവം രാജ്യത്ത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന്‍റെയൊക്കെ പശ്ചാത്തലത്തിലാണ് ബലാത്സംഗകേസുകളില്‍ കര്‍ശന നടപടിയെടുക്കാന്‍ ഐജി പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഉന്നാവില്‍ കൊല്ലപ്പെട്ട 23കാരിക്ക് പോലീസ് ചികിത്സ വൈകിച്ചെന്ന് മരിച്ച യുവതിയുടെ സഹോദരി ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്ക് യുവതി ആക്രമണത്തിന് ഇരയായി. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഉന്നാവ് ആശുപത്രിയില്‍ നിന്ന് വൈകിട്ട് ലഖ്നൗവിലേക്ക് മാറ്റി. ഒരു കാര്യവും തങ്ങളെ അറിയിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →