കോഴിക്കോട് ഡിസംബര്‍ 4: സ്വന്തം ആവശ്യത്തിനായി വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമല്ലെന്ന് എക്സൈസ് കമ്മീഷണര്‍ എസ് അനന്തകൃഷ്ണന്‍ ഐപിഎസ്. വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നത് കുറ്റകരമാണെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത്തരം വ്യാജപ്രചരണം മറ്റ് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും എക്സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.
വൈന്‍ നിര്‍മ്മിച്ച് പുറത്ത് നല്‍കുകയെന്നത് അനുവദിക്കാന്‍ കഴിയില്ല. മാത്രമല്ല, വൈനില്‍ ആല്‍ക്കഹോള്‍ കലര്‍ത്തി പുറത്ത് കൊടുക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇത് ഒരോ വീട്ടിലുമെത്തി പരിശോധിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ ഉത്തരവാദിത്വം വീട്ടുകാര്‍ക്ക് തന്നെയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

