തിരുവനന്തപുരം നവംബര്‍ 22: സംസ്ഥാനത്ത് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് നിര്‍മ്മാണവും വില്‍പ്പനയും സൂക്ഷിക്കലും നിരോധിച്ചു. ജനുവരി ഒന്നുമുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യക്കുപ്പികള്‍, മില്‍മ പാല്‍ക്കവറുകള്‍, കേരഫെഡ്, ജല അതോറിറ്റി എന്നിവയുടെ ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകള്‍ക്കും കുപ്പികള്‍ക്കും വ്യവസ്ഥകളോടെ ഇളവുണ്ട്.
നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് പിഴ ഏര്‍പ്പെടുത്തുമെന്നും മന്ത്രിസഭ തീരുമാനിച്ചു. ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൂര്‍ണ്ണമായി പ്ലാസ്റ്റിക് നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.