സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി മുന്‍കൂട്ടി പ്രവര്‍ത്തിക്കേണ്ട സമയമായി

പി ശ്രീകുമാറുമായുള്ള അഭിമുഖം

പ്രളയകാലത്തെ അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു ?

വെള്ളത്തിന്‍റെ അതിശക്തമായ ഒഴുക്കാണ് എവിടെയും കാണാന്‍ കഴിഞ്ഞത്. 33 ഡാമുകളായിരുന്നല്ലോ അന്ന് ഒറ്റയടിക്ക് തുറന്നത്. ഡാമുകളില്‍ വെള്ളത്തിന്‍റെ അളവ് 95 ശതമാനം വരെ എത്തി എന്നുകണ്ടപ്പോള്‍ മാത്രമാണ് അധികൃതര്‍ അവ തുറന്നുവിട്ടത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് അനുസരിച്ച് ഡാമിന്‍റെ സംഭരണ ശേഷിയുടെ 80 ശതമാനത്തില്‍ എത്തിയപ്പോള്‍ത്തന്നെ ഡാമുകള്‍ തുറന്നുവിടാമായിരുന്നു. എന്നാല്‍, പരമാവധി വെള്ളം സംഭരിച്ച് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനും അതുവഴി 40 കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കാനും ആയിരുന്നു അവരുടെ ചിന്ത. പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പിനുതന്നെ 900 കോടി രൂപയുടെ നഷ്ടം വന്നതായാണ് കണക്കാക്കുന്നത്. ദീര്‍ഘവീക്ഷണമില്ലായ്മയാണു സംഭവിച്ചത് എന്നുതന്നെ പറയാം.

കോള്‍പാടങ്ങളിലെല്ലാം വെള്ളം വളരെ പെട്ടെന്നാണ് പൊങ്ങിയത്. എന്‍റെ ഒരു ബന്ധുവിന്‍റെ പഴയ വീടും അതിനോടു ചേര്‍ന്നുള്ള ഒരു അമ്പലവും സിനിമയുടെ ഷൂട്ടിങ്ങിനായി തീരുമാനിച്ചിരുന്നു. പ്രതിഫലമായി ഒരുലക്ഷം രൂപയും പറഞ്ഞുറപ്പിച്ചിരുന്നു. എന്നാല്‍, പ്രളയത്തെ തുടര്‍ന്ന് അതുനടന്നില്ല. ഷൂട്ടിങ് മുടങ്ങി. ഒഴുക്കിന്‍റെ ശക്തിമൂലം ഇരുമ്പില്‍ തീര്‍ത്ത ഗേറ്റുകള്‍ വരെ ഒടിഞ്ഞു പോകുന്നതായി കാണാന്‍ കഴിഞ്ഞു. വീടിന്‍റെ ചുവരുകളില്‍ നിന്നും കല്ലുകള്‍ ഇളകിത്തെറിച്ചു. തുടര്‍ന്ന് വീട് പൂര്‍ണമായി തകരുകയും ചെയ്തു.

പ്രളയബാധിതര്‍ക്കായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത് ?

അട്ടപ്പാടിയിലെ ആദിവാസി മേഖലകളില്‍ അവര്‍ക്കായി വീടുകള്‍ വച്ചുകൊടുക്കുന്ന ഒരു പ്രോജക്റ്റ് ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദു ഇക്കണോമിക് ഫോറത്തിന്‍റെ ഗ്രേറ്റര്‍ കൊച്ചി ചാപ്റ്റര്‍ ആണ് ഈ പ്രോജക്ടിന് പ്രാരംഭകത്വം വഹിക്കുന്നത്. 2018 ഒക്ടോബര്‍ 6-ാം തിയതി എറണാകുളം ഭാസ്കരീയത്തില്‍ വച്ച് സംഘടിപ്പിച്ച സംഗീത സാന്ത്വനം എന്ന പരിപാടിയില്‍ വച്ചാണ് ഈ പ്രോജക്ട് ഉത്ഘാടനം ചെയ്തത്. ഭാവഗായകന്‍ പി. ജയചന്ദ്രനും മറ്റു 11 പിന്നണിഗായകരും ഈ പരിപാടിയില്‍ പങ്കെടുത്തു. ഭാസ്കരീയത്തിന്‍റെ അങ്കണത്തില്‍ പണിതുയര്‍ത്തിയ ഈ ഭവനത്തിന്‍റെ മാതൃകാ രൂപം എം പി റിച്ചാര്‍ഡ് ഹെ ആണ് ഉദ്ഘാടനം ചെയ്തത്. ഈ മഹത് സംരഭം ഹിന്ദു ഇക്കണോമിക് ഫോറവും വാസ്തു മിത്രയും ചേര്‍ന്നാണ് നടപ്പിലാക്കുന്നത്. മുളയും ഷീറ്റും ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദപരമായുള്ള നിര്‍മ്മാണരീതിയാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. രണ്ടരലക്ഷം രൂപയ്ക്ക് ഒരു വീട് നിര്‍മ്മിക്കാമെന്നതാണ് ഇതിന്‍റെ മെച്ചം. ഇത്തരത്തില്‍ 101 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ വിപുലമാക്കാനും ഉദ്ദേശമുണ്ട്. മഴയും ഉരുള്‍പൊട്ടലും വെള്ളപ്പാച്ചിലും മലമ്പ്രദേശങ്ങളില്‍ അനുഭവിക്കുന്നവര്‍ക്ക് ഇത് ഏറെ ആശ്വാസമാവുമെന്ന് കരുതുന്നു. ഞങ്ങളുടെ തന്നെ ആളുകളാണ് ഇത് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചറിന്‍റെ പിന്തുണയുമുണ്ട്. റീബില്‍ഡിങ് കേരളം സാധ്യമാക്കുന്നതില്‍ ഇത് ഏറെ ഉപകരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. 10 വര്‍ഷം വരെ ഈ വീടുകള്‍ കേടുകൂടാതെ നിലനിര്‍ത്താനാവും എന്നാണ് കണക്കാക്കിയിട്ടുള്ളത്.

അട്ടപ്പാടിയിലെ ആദിവാസികൾക്കായി നിർമിച്ചു നൽകുന്നതിന് വേണ്ടി രൂപകൽപന ചെയ്ത വീട്

പ്രളയം ഏതൊക്കെ മേഖലകളെയാണ് ഗുരുതരമായി ബാധിച്ചത് ?

പൊതുവിതരണ ശൃംഖല ആകെ താളംതെറ്റി. ഏതാനും വ്യവസായശാലകള്‍ വെള്ളം കയറാതെ രക്ഷപ്പെട്ടു എന്നതു ശരിയാണ്. എന്നാല്‍, അവര്‍ക്കാവശ്യമുള്ള അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നതിനും ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനും പ്രളയംമൂലം സാധ്യമല്ലാതായി. മാത്രമല്ല, അവയുടെ വില ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു. ഉദാഹരണത്തിന്, പാലക്കാട്ടുള്ള ലാറ്റക്സ് ത്രഡ് ഉണ്ടാക്കുന്ന ഒരു കമ്പനിയിലേക്ക് ആവശ്യമായ റബ്ബര്‍ ലാറ്റക്സ് കിലോക്ക് 80 രൂപയുണ്ടായിരുന്നത് 157 രൂപയായി കുത്തനെ ഉയര്‍ന്നു. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ചില മേഖലകളില്‍ ബിസിനസ് നന്നായി നടന്നു. വെള്ളത്തില്‍ നാശമായ കിടക്കകളും ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും പുതിയത് വാങ്ങേണ്ടിവന്നത് ആ മേഖലകളില്‍ വില്‍പന വര്‍ധിക്കാന്‍ കാരണമായി. ഇതുമൂലം ജനങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായി എന്നത് വസ്തുതയാണ്.

പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ എന്തൊക്കെ ചെയ്യാനാകും ?

ഒരു ജനാധിപത്യ സമൂഹത്തില്‍ ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ വളരെയധികം കാര്യങ്ങള്‍ ഫലപ്രദമായി ചെയ്യാന്‍ സാധിക്കും. പ്രളയമായാലും സുനാമി ആയാലും അതിനെയൊക്കെ നേരിടാന്‍ തക്ക പരിശീലനം ലഭിച്ച ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ടീം ഉണ്ടാകണം. ഐ.ടിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തണം. വാട്സാപ്പും ഫേസ്ബുക്കും പോലെയുള്ള നവമാധ്യമങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇത്രയെങ്കിലും ചെയ്യാനായത്. ഒരു കേന്ദ്രീകൃത സോഫ്റ്റ് വെയര്‍ സിസ്റ്റം ഉണ്ടെങ്കില്‍ ആശയവിനിമയത്തിനും കാര്യങ്ങള്‍ കോ-ഓഡിനേറ്റ് ചെയ്യുന്നതിനും കണക്കുകള്‍ വ്യക്തവും സുതാര്യവും ആക്കുന്നതിനും സഹായകരമാകും. മാത്രമല്ല, വിദേശരാജ്യങ്ങളില്‍ കാണുന്ന മോക് ഡ്രില്‍ പോലെയുള്ള പരിശീലന പരിപാടികള്‍ സ്കൂളുകളിലും പൊതുജനങ്ങള്‍ക്കും നല്‍കണം. എങ്കില്‍ മാത്രമേ പ്രോ ആക്ടീവ് ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ.

പ്രളയബാധിതരെ സംബന്ധിച്ച് ജീവിത സങ്കല്‍പ്പത്തില്‍ ഉണ്ടായ മാറ്റം എന്തൊക്കെയാണ് ?

സാധാരണ ഒരു പുഴയ്ക്ക് താങ്ങാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ഒഴുകി വന്നതുകൊണ്ടാണല്ലോ ഈ പ്രശ്നങ്ങള്‍ ഒക്കെയും ഉണ്ടായത്. ഈ വെള്ളം ഡാമുകള്‍ തുറന്നതുകൊണ്ട് ഉണ്ടായതാണ്. ഡാമുകള്‍ ഇല്ലാത്ത പുഴകള്‍ക്കൊന്നും ഈ പ്രശ്നം ഉണ്ടായിട്ടില്ല. അതുകൊണ്ട് ഈ പ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നു എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. എങ്കിലും മനുഷ്യനിര്‍മ്മിതം അല്ലാതെയും പ്രളയം ഉണ്ടാകാം. ഡാം പൊട്ടിയാലുണ്ടാകുന്ന വെള്ളം ഇപ്പോള്‍ കണ്ടതിനേക്കാളും ഭയാനകമായിരിക്കും. പക്ഷേ, അങ്ങനെ സംഭവിച്ചിട്ട് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നല്ലത് അത് മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ട് പുഴയുടെ തീരങ്ങളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുമാറിയേ പറ്റൂ. ഭൂപ്രകൃതി അനുകൂലമല്ലാത്ത സ്ഥലങ്ങളില്‍ വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ നടപടി എടുക്കണം. പലപ്പോഴും പണം കൊടുത്ത് അഡ്ജസ്റ്റ് ചെയ്യുകയാണ്. ആരും ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനവും നടത്തുന്നില്ല. 10 വര്‍ഷംമുമ്പ് അമേരിക്കയില്‍ നടന്ന ഒരു പഠനമനുസരിച്ച് 20- 25 വര്‍ഷത്തിനുള്ളില്‍ കൊച്ചി, കല്‍ക്കട്ട മുതലായ നഗരങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന് കണ്ടെത്തിയിരുന്നു. അങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഈ പ്രളയം സൂചന തരുന്നു. മഴക്കാലം അല്ലാത്തപ്പോഴും കടലില്‍ വേലിയേറ്റ സമയങ്ങളില്‍ പ്രത്യേകിച്ച് ഉച്ച സമയത്ത് കൊച്ചിയിലെ കാനകളിലൊക്കെ വെള്ളം കയറുന്നതായി കാണുന്നുണ്ട്. ഇത് ഓരോ വര്‍ഷം ചെല്ലുന്തോറും കൂടിക്കൂടി വരുകയുമാണ്. അതുകൊണ്ട് മൊത്തം മുങ്ങിക്കഴിഞ്ഞാലേ നാം നടപടി സ്വീകരിക്കൂ എന്ന ഉദാസീനത പാടില്ല. ഒരു ദുരന്തം വരുമ്പോള്‍ മാത്രമേ ആളുകള്‍ ചിന്തിക്കുന്നുള്ളൂ എന്നത് ബുദ്ധിമോശമാണ്. കാര്യങ്ങള്‍ മുന്‍കൂട്ടി കാണണം. മോഡേണ്‍ ടെക്നോളജി ഉപയോഗിച്ച് എല്ലാം പ്ലാന്‍ ചെയ്യണം. ഡെന്മാര്‍ക്കിലൊക്കെ സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്ന പ്രദേശങ്ങളില്‍ നഗരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്യാനുള്ള സാങ്കേതിക വിദ്യയെക്കുറിച്ച് ചിന്തിച്ചതു കൊണ്ടാണ് അവര്‍ക്ക് അതു സാധിച്ചത്. അശാസ്ത്രീയമായി ഡാം തുറന്നുവിട്ടതുകൊണ്ടുള്ള പ്രളയം ഇനി ഉണ്ടാവില്ലായിരിക്കാം. പക്ഷേ, ഡാം പൊട്ടുന്ന സ്ഥിതിവിശേഷം ഉണ്ടായാലോ? അത് ഉണ്ടാവില്ലെന്ന് തീര്‍ത്തുപറയാന്‍ ആര്‍ക്കും കഴിയില്ല. കേരളത്തിലെ നദികള്‍ ഭൂരിഭാഗവും ഡാമുകള്‍ ഉള്ളവയാണ്. അവയുടെ തീരങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് മറ്റ് സുരക്ഷിത സ്ഥാനങ്ങളില്‍ പുനരധിവസിപ്പിക്കുക എന്നത് കേരളം പോലെയുള്ള ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനത്ത് പ്രായോഗികമാവണമെന്നില്ല. പക്ഷേ, അതിനനുസരിച്ചുള്ള നിര്‍മ്മാണ വിദ്യകള്‍ ആവിഷ്കരിക്കാവുന്നതാണ്. മരുഭൂമിയില്‍ കൃഷിയിറക്കി ഫലമുണ്ടാക്കാന്‍ കഴിയുന്ന ഇസ്രായേല്‍ പോലെയുള്ള രാജ്യങ്ങളെ നമുക്കും മാതൃകയാക്കാവുന്നതാണ്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കേണ്ട സമയമാണിത്.

ശ്രീ. പി. ശ്രീകുമാര്‍ മേനോന്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്. 1988 മുതല്‍ ഓഹരി ഇടപാട് രംഗത്ത് സജീവസാന്നിധ്യം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, അഹമ്മദാബാദില്‍ നിന്നും നിക്ഷേപ അപഗ്രഥനത്തിലും പോര്‍ട്ട്ഫോളിയോ മാനേജ്മെന്‍റിലും പഠനം. കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ അനുബന്ധകമായ കൊച്ചിന്‍ സ്റ്റോക്ക് ബ്രോക്കേഴ്സ് ലിമിറ്റഡിന്‍റെ ചെയര്‍മാന്‍, കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ബോര്‍ഡ് അംഗം, ട്രഷറര്‍, ഐടി വികസന കമ്മിറ്റി ചെയര്‍മാന്‍, മദ്ധ്യസ്ഥ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  ശ്രീകുമാര്‍ & കമ്പനി എന്ന സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനത്തിന്‍റെ ഉടമസ്ഥന്‍.  ഹിന്ദു ഇക്കണോമിക് ഫോറത്തിന്‍റെ ഗ്രേറ്റര്‍ കൊച്ചി ചാപ്റ്റര്‍ പ്രസിഡന്‍റാണ്. ഡാറ്റാമേറ്റ് ഐ.ടി. കമ്പനി, കൊച്ചി റോട്ടറി ക്ലബ്, കേരള ഫൈനാര്‍ട്സ് സൊസൈറ്റി എന്നിവയില്‍ പ്രധാന അംഗം കൂടിയാണ്.

Share

About ശ്രീ. പി. ശ്രീകുമാര്‍ മേനോന്‍

View all posts by ശ്രീ. പി. ശ്രീകുമാര്‍ മേനോന്‍ →