കരകയറണമെങ്കില്‍ ഓരോരുത്തരും വിചാരിച്ചേ മതിയാവൂ.

പ്രമുഖ പ്രവാസി വ്യവസായിയും സാംസ്ക്കാരിക പ്രവർത്തകനുമായ പത്മശ്രീ ഡോക്ടര്‍ ടി.എ. സുന്ദര്‍ മേനോനുമായി സമദര്‍ശി മാനേജിംഗ് എഡിറ്റര്‍ സുഭദ്ര വാരിയര്‍ നടത്തിയ അഭിമുഖം

സുന്ദര്‍മേനോനുമായുള്ള അഭിമുഖം. സുഭദ്ര വാരിയര്‍. സമീപം സിജോ ജോസ്

കേരളത്തില്‍ അരങ്ങേറിയ മഹാപ്രളയം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇതു സംഭവിക്കുമ്പോള്‍ താങ്കള്‍ കേരളത്തിലായിരുന്നില്ലേ ?

ഞാന്‍ ആ സമയത്ത് എറണാകുളത്തുണ്ടായിരുന്നു. കനത്ത മഴയായിരുന്നല്ലോ. എറണാകുളത്തു നിന്ന് തൃശ്ശൂരിലെ വീട്ടിലേക്ക് മടങ്ങുന്ന വഴി മകളുടെ ഫോണുണ്ടായിരുന്നു. അവളുടെ വീട്ടില്‍ വെള്ളം കയറിയെന്ന്. എന്തു ചെയ്യണമെന്നറിയാതെയാണ് വിളിച്ചത്. തൃശ്ശൂരിലെത്തിയപ്പോഴേക്കും രാത്രിയായി. പുഴയ്ക്കലുള്ള മകളുടെ വീട്ടിലെത്തിച്ചേരാന്‍ സാധിച്ചില്ല. പിറ്റേന്ന് അവിടെയെത്തിയപ്പോഴേക്കും അവരുടെ വീട്ടില്‍ ഏകദേശം രണ്ടടിയോളം വെള്ളം കയറിയിരുന്നു. ആദ്യമവരെ സുരക്ഷിതസ്ഥാനത്തെത്തിച്ചു. പിന്നീട് ഞാനും ഡോ. അബുവും എന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍റായ വിനോദും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങി.

താങ്കളുടെ വ്യവസായത്തെ ഈ പ്രളയം എങ്ങനെ ബാധിച്ചു?

പ്രധാനമായും ഞാന്‍ നിര്‍മിച്ച സിനിമയെയാണ് ബാധിച്ചത്. വന്‍ നഷ്ടമായിരുന്നു. റിലീസിംഗിന് തിരഞ്ഞെടുത്ത നൂറ്റിരുപത്തിയേഴു തിയറ്ററുകളില്‍  പകുതിയിലധികം പ്രളയത്തെ തുടര്‍ന്ന് അടച്ചു.

താങ്കള്‍ കണ്ട പ്രളയദിനത്തെ വിവരിക്കാമോ?

ഭീകരമായിരുന്നു. ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല. സാധാരണ മഴക്കാലത്ത് ചിലയിടങ്ങളില്‍ വെള്ളം പൊങ്ങാറുണ്ട്. പക്ഷേ ഇത്രഭീകരമായ അവസ്ഥ അടുത്ത കാലത്തൊന്നും ഉണ്ടായിരുന്നിട്ടില്ല. റോഡു മുഴുവന്‍ വെള്ളത്തിലായി.  വെള്ളം കയറിയ ഷോറൂമുകളില്‍ കാറുകള്‍ ഒഴുകി നടന്നു. വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന്  മുമ്പോട്ടു പോകാനാകാതെ കാറുകള്‍ പലയിടത്തും നിര്‍ത്തിയിടേണ്ടി വന്നു. കൈയും മെയ്യും മറന്ന് രംഗത്തിറങ്ങിയ ഒരു കൂട്ടം മനുഷ്യരോടൊപ്പം പ്രളയനാളുകളില്‍ എനിക്കും എന്‍റേതായ രീതിയില്‍ കുറച്ച് കാര്യങ്ങള്‍ പ്രളയബാധിതര്‍ക്കായി ചെയ്യാന്‍ കഴിഞ്ഞു എന്നത് ചാരിതാര്‍ത്ഥ്യജനകമായ കാര്യമാണ്. മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം ഭീകരതാണ്ഡവമാടിയ പ്രളയത്തെ ഐക്യത്തോടെ നേരിടുന്ന മലയാളികളെയാണ് ആ കറുത്ത ദിനരാത്രങ്ങളില്‍ കണ്ടത്. എലിഫന്‍റ് ഓണേഴ്സ് മള്‍ട്ടിപര്‍പ്പസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ വലിയ വാഹനത്തില്‍ രംഗത്തിറങ്ങിയ ഞങ്ങള്‍ക്ക് ഒട്ടനവധി ആളുകളെ രക്ഷിക്കുവാനായി കഴിഞ്ഞു എന്നത് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ അഭിമാനവും സംതൃപ്തിയും  നിറയും. എലിഫന്‍റ് ഓണേഴ്സ് സൊസൈറ്റിയുടെ ആംബുലന്‍സ് സാമാന്യത്തിലധികം ഉയരമുള്ളതായിരുന്നതിനാല്‍ മറ്റ് പല വാഹനങ്ങളും കടന്നു ചെല്ലാത്ത മേഖലകളില്‍ക്കൂടി എത്തി വൃദ്ധജനങ്ങളേയും കിടപ്പുരോഗികളേയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞു.  വാഹനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍ സാധിക്കാത്തിടത്തെല്ലാം നടന്നുപോയി ജനങ്ങളെ പുറത്തേയ്ക്ക് കൊണ്ടു വന്നു. പ്രായമായവരേയും രോഗികളേയും കട്ടിലില്‍ കിടത്തിയാണ് കൊണ്ടുവന്നത്. പുഴയ്ക്കല്‍ മാത്രമല്ല, തൃശ്ശൂരിലേയും സമീപപ്രദേശങ്ങളിലേയും ഒട്ടുമിക്ക ക്യാമ്പുകളിലും എത്തിച്ചേരുകയും, ചെയ്യാവുന്ന സഹായങ്ങള്‍ കഴിയുന്നത്ര ചെയ്യുകയുമുണ്ടായി. ഞാന്‍ വ്യക്തിഗതമായ രീതിയില്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനം ചെയ്തത്. ഒരുകൈകൊണ്ട് ചെയ്യുന്ന സഹായം മറുകൈ അറിയരുതെന്ന പ്രമാണം ശരിയായതിനാല്‍ അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

പ്രളയദുരന്തങ്ങളേയും രക്ഷാപ്രവര്‍ത്തനങ്ങളേയും നിരീക്ഷിക്കുമ്പോള്‍ എന്താണ് തോന്നുന്നത്? പ്രളയം എന്ത് മാറ്റമാണ് നമ്മുടെ സാമൂഹ്യബോധത്തിലും മനോഭാവത്തിലും സൃഷ്ടിച്ചത്?

വളരെയധികം സഹകരിച്ച് വേണ്ടതു മാത്രം വാങ്ങി ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന
ജനങ്ങള്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പഴയ പോലെയായി. കക്ഷിരാഷ്ട്രീയത്തിനും ജാതിമതവിവേചനങ്ങള്‍ക്കും അതീതമായി പ്രളയനാളുകളില്‍ മലയാളി ഒരു മനസ്സും ഒരു ശരീരവുമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് കാണാന്‍ കഴിഞ്ഞതെങ്കില്‍ പ്രളയാനന്തരം പല കാഴ്ചകളും അപ്രകാരമായിരുന്നില്ല. സന്മനസുള്ളവര്‍ ദുരിതബാധിതര്‍ക്ക് എത്തിച്ചുകൊടുത്ത പല സാധനസാമഗ്രികളും ഇരുളിന്‍റെ മറവിലും പരസ്യമായും കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ചാനല്‍ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും പതിവ് കാഴ്ചയായപ്പോള്‍, ലോകത്തിന് മുന്നില്‍ കുനിഞ്ഞത് സാക്ഷരകേരളത്തിന്‍റെ അഭിമാനവും അന്തസ്സുമായിരുന്നു. സഹായത്തിന്‍റെ പേരില്‍ രാഷ്ട്രീയമുതലെടുപ്പുകളും പോര്‍വിളികളും നമ്മള്‍ കണ്ടു. പ്രഖ്യാപിക്കാത്ത വിദേശസഹായത്തിന്‍റെ പേരില്‍ സ്വന്തം നാടിന്‍റെ അഭിമാനത്തെ തള്ളിപ്പറയുന്ന അവസ്ഥയ്ക്ക് പോലും സാക്ഷികളാകേണ്ട സാഹചര്യവും മലയാളിക്ക് ഉണ്ടായി. അടിയന്തര സഹായമായി പതിനായിരം രൂപവീതം പ്രളയബാധിതര്‍ക്ക് നല്‍കുവാന്‍ സര്‍ക്കാര്‍ എടുത്ത നടപടി അഭിനന്ദനീയമാണ്. പക്ഷേ, അര്‍ഹരായ പലര്‍ക്കും ഇനിയും ആ തുക ലഭ്യമാകാന്‍ ഉണ്ടെന്നിരിക്കെ അനര്‍ഹരായ പലരും അഭിലഷണീയമായ സ്വാധീനങ്ങളുടെ പേരില്‍ ആ തുക തട്ടിയെടുത്ത സംഭവങ്ങളും വിരളമായിരുന്നില്ല. കഷ്ടത അനുഭവിച്ചവര്‍ക്ക് കൈത്താങ്ങാവേണ്ടിയിരുന്ന തുക, അനര്‍ഹര്‍ തട്ടിക്കൊണ്ടുപോയത് പരിഷ്കൃത സമൂഹത്തിന് ഒട്ടും ഭൂഷണമായ കാര്യമല്ല. അങ്ങനെ അന്യായമായി തുക മേടിച്ചെടുത്ത അനര്‍ഹരില്‍നിന്നും ആ പണം തിരിച്ചു പിടിക്കുവാന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ നടപടികള്‍ എടുത്തു തുടങ്ങിയെന്നത് നല്ല കാര്യം. അതിന്‍റെ ഫലമായി ഉണ്ടാകാവുന്ന കണ്ടെത്തലുകള്‍, ഭാരതത്തിലെ തന്നെ ഏറ്റവും വിദ്യാസമ്പന്നരും സംസ്കൃതചിത്തരും എന്ന് അഭിമാനിക്കുന്ന ജനതയ്ക്ക് ന്യായീകരിക്കാന്‍ പര്യാപ്തമാവുന്നവയുമല്ല.

നവകേരളസൃഷ്ടിക്കു വേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയും?

പ്രളയവും അതിജീവനവും കഴിഞ്ഞു. ഇനി നാം ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും നാടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടിയാണ്.

അതുകൊണ്ടുതന്നെ പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിലേക്ക് തന്നെ തിരിച്ചു വരണം. ഈയിടെ പരമ്പരാഗത കൈത്തറി നിര്‍മ്മാണ മേഖല തകര്‍ന്നടിഞ്ഞ ചേന്ദമംഗലം, പറവൂര്‍ മേഖലയില്‍ അവിടുത്തെ എം.എല്‍.എ. വി.ഡി. സതീശനൊപ്പം ചില കൂടിയാലോചനായോഗങ്ങളിലും ബിസിനസ്സ് കമ്മ്യൂണിറ്റിയുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുക്കുവാന്‍ അവസരമുണ്ടായി. പൂര്‍ണമായും തകര്‍ന്നടിഞ്ഞ കൈത്തറിമേഖല തിരിച്ചുവരണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം വേണം. അതുപോലെതന്നെ പ്രളയം ഏറ്റവും പ്രതികൂലമായി ബാധിച്ച വ്യാപാരി സമൂഹത്തിന് ഉണ്ടായ കഷ്ടനഷ്ടങ്ങളുടെ ശരിയായ വിലയിരുത്തലോ കണക്കെടുപ്പോ ഇനിയും വേണ്ട രീതിയില്‍ ഉണ്ടായിട്ടില്ലെന്ന് അവരില്‍ പലരോടും സംസാരിച്ചപ്പോള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

പ്രളയം വരുത്തിവച്ച ദുരന്തത്തില്‍നിന്ന് കരകയറാന്‍ എന്തെല്ലാം ചെയ്യണം?

ഇതില്‍ നിന്ന് കരകയറമെങ്കില്‍ നമ്മള്‍ ഓരോരുത്തരും വിചാരിച്ചേ മതിയാവൂ. സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് വായ്പാസൗകര്യങ്ങള്‍ക്കുള്ള നടപടിയുണ്ടാകണം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

ഉദ്ദേശശുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാറിന് ദുരന്തത്തില്‍ നിന്ന് കേരളജനതയെ ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കും. സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് എന്തെല്ലാം ചെയ്യുന്നു. ആര്‍ക്കൊക്കെ നല്‍കുന്നു എന്നതിന് കൃത്യമായ കണക്കുണ്ടാകണം.ശരിയായ രീതിയില്‍ സര്‍വ്വേ നടത്തി നഷ്ടം തിട്ടപ്പെടുത്തി കൃത്യമായി വിനിയോഗിക്കണം. സാധ്യമായ കാര്യമാണത്.

നാടിന്‍റെ വീണ്ടെടുപ്പില്‍…. പുനരധിവാസനിര്‍മ്മാണത്തിന് ഇനിയും കൃത്യമായ ഏകോപനവും കൂട്ടായ പ്രയത്നവും വേണം. പരസ്പരം പഴിചാരുന്നതിന് അപ്പുറം യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ, വീടുകള്‍ നഷ്ടമായവര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കണം. വിദേശസഹായം സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍, കേരളത്തിന് കേന്ദ്രാനുമതി വേണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ  തീരുമാനം നയപരമാണ്. സംഘര്‍ഷത്തിന്‍റെ പാതയല്ല, സഹകരണത്തിന്‍റെ മുഖമാണ് നമുക്ക് അഭികാമ്യം. ഇനിയും ഒരുപാട് ദൂരം നമുക്ക് മുന്നോട്ട് പോകാനുണ്ട്. മുന്നേറാനുണ്ട്. നന്മ നാടിന്‍റെ മുഖവും മുഖശ്രീയുമാവട്ടെ.

 സൺ ഗ്രൂപ്പ് ഇന്‍റര്‍നാഷണലിന്‍റെ സ്ഥാപകന്‍.  ഖത്തറില്‍  വ്യവസായി. രാജ്യം  പത്മശ്രീ നല്‍കി ആദരിച്ചു. തൃശ്ശൂര്‍ സ്വദേശി.   ഫോണ്‍:    9526279999

Share

About പത്മശ്രീ ഡോ ടി എ സുന്ദർ മേനോൻ

View all posts by പത്മശ്രീ ഡോ ടി എ സുന്ദർ മേനോൻ →