ജസ്റ്റിസ് ബി കെമാൽ പാഷ. കേരള ഹൈ കോടതി ജസ്റ്റിസ് ആയിരുന്നു. 2018 മെയ് 24ന് ഔദ്യോഗിക പദവിയിൽ നിന്നും വിരമിച്ചു . കേരള ഹൈ കോടതിയിൽ രജിസ്ട്രാർ ജനറലായും സേവനം ചെയ്തിട്ടുണ്ട്. കേരള ജുഡീഷ്യൽ അക്കാദമിയുടെ ഗവര്‍ണിങ് ബോർഡ് മെമ്പർ കൂടിയാണ്.

പ്രളയകാലത്തെ അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ?
പ്രളയം തുടങ്ങിയ സമയത്ത് ഞാന്‍ തിരുവനന്തപുരത്ത് ഒരു മീറ്റിംഗിലായിരുന്നു. അതുകഴിഞ്ഞ് ചെങ്ങന്നൂരിലെ പരിപാടി വേണ്ടെന്നുവച്ച് ഞാന്‍ തിരുവനന്തപുരത്തു തങ്ങി. അപ്പോഴാണ് പരിപാടിയുടെ സംഘാടകര്‍ വിളിച്ചുപറഞ്ഞത്, 10 ബസ് അയക്കുന്നുണ്ട്, എല്ലാവരും മാറണം, വെള്ളം ഇരച്ചു കയറുകയാണെന്ന്. ഇതുപറഞ്ഞ് 10 മിനിറ്റിനകം ആറടിയോളം ഉയരത്തില്‍ അവിടെ വെള്ളം വന്നു. അവിടെയുണ്ടായിരുന്ന ഗ്രൗണ്ടില്‍ പത്തെഴുപത് കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. അതെല്ലാം മുങ്ങിപ്പോയി. ഞാന്‍ ആ പ്രോഗ്രാമില്‍ പങ്കെടുക്കാഞ്ഞതുകൊണ്ട് രക്ഷപ്പെട്ടു. തിരിച്ച് എറണാകുളത്തേക്കു പോകാന്‍ ബുദ്ധിമുട്ടായി. തിരിച്ചു ചെന്നപ്പോഴേക്കും എറണാകുളത്തും പരിസര പ്രദേശങ്ങളിലും വെള്ളം കയറിക്കഴിഞ്ഞിരുന്നു. ഇടപ്പള്ളിയില്‍ ലുലുമാളില്‍ വരെ വെള്ളം കയറി. എന്‍റെ വാസസ്ഥലത്തിന്‍റെ 5 കിലോമീറ്റര്‍ അപ്പുറംവരെ വെള്ളം കയറി.
കേരളത്തിന്‍റെ ചിഫ് ജസ്റ്റീസ് ആയിരുന്ന ജസ്റ്റീസ് പരീത് പിള്ള വീട്ടില്‍നിന്ന് ഇറങ്ങിയില്ല. അവിടെ വെള്ളം കയറില്ലെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസമായിരുന്നു. മക്കള്‍ വിളിച്ചിട്ടും പോയില്ല. എന്തു പറഞ്ഞിട്ടും അവിടെനിന്നു മാറാന്‍ കൂട്ടാക്കിയില്ല. ഇവിടെയൊന്നും വെള്ളം കയറില്ല എന്നുപറഞ്ഞ് സോഫയൊക്കെ എടുത്ത് കെട്ടിടത്തിന്‍റെ മുകള്‍നിലയില്‍ കൊണ്ടുപോയി ഇടാന്‍ പോലും സമ്മതിച്ചില്ല. അപ്പോഴേക്കും വീട്ടിലേക്ക് വെള്ളം കയറിത്തുടങ്ങി. പിന്നെ പോകാതെ നിവൃത്തിയില്ലല്ലോ. ഇദ്ദേഹത്തെ വിളിച്ചിറക്കി വള്ളത്തില്‍ കൊണ്ടുപോയി സുരക്ഷിത സ്ഥാനത്തെത്തിച്ചു. മകള്‍ താമസിക്കുന്ന ഫ്ളാറ്റിലേക്കാണ് കൊണ്ടുപോയത്. ഇവര്‍ പോയി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇതിന്‍റെ ആദ്യത്തെ നില വെള്ളത്തില്‍ മുങ്ങി. എല്ലാ സാധനങ്ങളും ഒഴുകിപ്പോയി. ഇദ്ദേഹത്തിന്‍റെ ഭാര്യ ആ ഫ്ളാറ്റിന്‍റെ 13ാമത്തെ നിലയിലാണ് ചെന്നു കയറിയത്. ഇവര്‍ എത്തി അല്‍പ്പം കഴിഞ്ഞപ്പോഴേക്കും ആ ഫ്ളാറ്റിന്‍റെ താഴത്തെ നാല് നിലകള്‍ വെള്ളത്തിലായി. ജനറേറ്റര്‍ വെള്ളത്തില്‍ മുങ്ങിപ്പോയതുകാരണം ആ കെട്ടിടത്തിലെ കറന്‍റും പോയി. ഇവര്‍ക്ക് താഴോട്ട് ഇറങ്ങാനും കഴിയുന്നില്ല. ആ വെള്ളം എട്ടുദിവസം നീണ്ടുനിന്നു. അതുകഴിഞ്ഞാണ് അവര്‍ക്ക് അവിടെനിന്ന് ഇറങ്ങാന്‍ സാധിച്ചത്. ഇതുപോലുള്ള കഷ്ടപ്പാട് ആയിരക്കണക്കിന് ആളുകള്‍ക്ക് ഉണ്ടായിട്ടുണ്ട്. അതിന്‍റെയൊന്നും ആകെ നഷ്ടം കണക്കാക്കാന്‍ ആരേക്കൊണ്ടും പറ്റുന്നതല്ല.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏതൊക്കെ വിധത്തില്‍ പങ്കാളിയായി?
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നല്ലതുപോലെ പങ്കാളിയായിട്ടുണ്ട്. ക്യാംപുകളിലേക്കു വേണ്ട സാധനങ്ങളൊക്കെ വാങ്ങിക്കൊടുത്തു. അവാര്‍ഡ് കിട്ടുന്ന തുകയെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു കൊടുത്തു. ഇടപ്പള്ളി ഹൈസ്കൂള്‍ ജംഗ്ഷനിലുള്ള ഒരു സ്കൂളില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിച്ചിരുന്നു. അവിടെ പോയി കണ്ടു. തിരികെവന്ന് ഞാനും വേറൊരാളും കൂടി മാര്‍ക്കറ്റില്‍ പോയി. ഒരു കടക്കാരന്‍ മല്ലിപ്പൊടി, മുളകുപൊടി തുടങ്ങി എല്ലാ സാധനങ്ങളും എടുത്ത് പായ്ക്കറ്റിലാക്കി തന്നു. ആ കടയിലില്ലാത്തതു വേറെയിടത്തുനിന്നും കൊണ്ടുവന്നു തന്നു. പകുതി വിലയ്ക്കാണ് ആ സാധനങ്ങളൊക്കെ അദ്ദേഹം തന്നത്. ആ ക്യാംപിലുണ്ടായിരുന്ന 300 ആളുകള്‍ക്ക് അത് കൊടുത്തു. ഇത് നിങ്ങള്‍ക്ക് നഷ്ടമല്ലേ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്: അല്ലാതെ കുറേ കിട്ടുന്നതല്ലേ സര്‍, അവര്‍ക്ക് ഉപകാരമാവട്ടെ എന്നാണ്. അങ്ങനെ ചിന്തിക്കുന്ന നല്ല മനുഷ്യരുമുണ്ട് ഈ സമൂഹത്തില്‍.
മേഘവിസ്ഫോടനം പോലെയുള്ള മഴയാണ് പ്രളയത്തിനു കാരണമെന്നാണ് ഗവര്‍ണ്മെന്‍റിന്‍റെ ഭാഷ്യം. എന്നാല്‍, ഇത് അതൊന്നുമല്ല. ഡാമിനകത്ത് വെള്ളം അനിയന്ത്രിതമായി കെട്ടിനിര്‍ത്തിയിട്ട് എല്ലാം ഒന്നിച്ച് തുറുവിടേണ്ട ഗതികേടു വന്നു. ഡാം തുറന്നുവിട്ടതുകൊണ്ടല്ല പ്രളയം ഉണ്ടായതെന്ന് വാശിയില്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനു പറ്റിയതരം റിപ്പോര്‍ട്ടുകളും ഉണ്ടാക്കി. പക്ഷേ, ഈ അടുത്ത നാളുകളില്‍ മഴ വരുമെന്ന് മുന്നറിയിപ്പുണ്ടായപ്പോള്‍ മുന്‍കരുതലെടുക്കാന്‍ എന്നതുപോലെ ഡാമൊക്കെ തുറന്നുവിട്ടു.
പ്രളയത്തിന്‍റെ തകര്‍ച്ച എത്രത്തോളമായിരുന്നു? അത് ഏതു മേഖലയെയാണ് കൂടുതലായി ബാധിച്ചത്?
അത് ജീവിതത്തിന്‍റെ സകല മേഖലകളെയും ബാധിച്ചു എന്ന് നിസ്സംശയം പറയാന്‍ കഴിയും. ഒരുപാട് പേരുടെ ജീവന്‍ നഷ്ടപ്പെട്ടത് നമുക്കറിയാം. അഞ്ഞൂറോളം പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കൂടാതെ അതിന്‍റെ പ്രത്യാഘാതത്തിലുണ്ടാവുന്ന മരണങ്ങള്‍ വേറെയും. ഉദാഹരണത്തിന് എന്‍റെ ബന്ധുവായ ഒരു അമ്മാമ്മ, കായംകുളത്തിനടുത്താണ് വീട്. അവരുടെ വീട്ടില്‍ വെള്ളം കയറി. അവരെ വേറെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. വാസസ്ഥലം മാറിയപ്പോള്‍ അവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. മൂന്നാം ദിവസം മരിച്ചു. സ്വത്തിന്‍റെ നഷ്ടമെന്നത് സര്‍ക്കാര്‍ കണക്കാക്കുന്ന 40,000 കോടിയൊന്നുമല്ല. ഇപ്പോഴും മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് മാറാത്തവരുണ്ട്. ഒരുപാട് ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍. ഇതൊന്നും കണക്കില്‍ പെടാത്തതാണ്. സി എം മൗലവി എന്നൊരു പുസ്തകപ്രേമിയുടെ വീട്ടിലെ ലൈബ്രറിയില്‍ എട്ട് അലമാരയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ മുഴുവന്‍, ഏതാണ്ട് 30,000 പുസ്തകങ്ങള്‍ നഷ്ടമായി. ഇതിന്‍റെയൊക്കെ നഷ്ടം കണക്കാക്കാന്‍ ആര്‍ക്കും സാധിക്കുന്നതല്ല. വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെല്ലാം പാമ്പും പഴുതാരയും ചെളിയും ദുര്‍ഗന്ധവും. ഇവയ്ക്കുപുറമേ ഇതെല്ലാം കണ്ടും അനുഭവിച്ചും ഉണ്ടാകുന്ന മനോവിഷമവും. നാമൊക്കെ ചിന്തിക്കുന്നതിനും അപ്പുറമാണ് ഇതിലുണ്ടായ തകര്‍ച്ച.
ഈ തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ട്?
വ്യക്തിഗത നഷ്ടം നികത്താന്‍ പ്രയാസമാണ്. ഗവര്‍ണ്മെന്‍റ് പ്രോപ്പര്‍ട്ടിതന്നെ ഒരുപാട് നശിച്ചുപോയിട്ടുണ്ട്. അതെല്ലാം പുനര്‍നിര്‍മിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഇതിന് കേരളത്തിന്‍റെ കൂടെ നില്‍ക്കുന്നില്ല. അവര്‍ തമ്മില്‍ രാഷ്ട്രീയക്കളിയാണ്. ഇതിനുള്ള വിഭവസമാഹരണം നടത്തേണ്ടേ ? കേരളത്തില്‍ സമ്പത്ത് സമാഹരിക്കാന്‍ സര്‍ക്കാരിന് ആകെയുള്ള മാര്‍ഗം മദ്യമാണ്. കേരളം ഒരു ഗോവയാക്കി മാറ്റുകയാണെങ്കില്‍ അത് ചിലപ്പോള്‍ ശരിയാക്കിയെടുക്കാന്‍ കഴിയും. ആളുകള്‍ക്ക് സഹായം എത്ര കൊടുത്താലും മതിയാവില്ല. ഗവര്‍ണ്മെന്‍റിന് വിദേശ സഹായം സ്വീകരിക്കാവുന്നതായിരുന്നു. ഇന്ത്യയുടെ ഡിസാസ്റ്റര്‍ മനേജ്മെന്‍റിന്‍റെ വ്യവസ്ഥയനുസരിച്ച് വാങ്ങാം. ചോദിക്കാന്‍ പാടില്ല എന്നേയുള്ളൂ. ജപ്പാനില്‍ നടന്ന യുണൈറ്റഡ് നേഷന്‍സിന്‍റെ കോണ്‍ഫ്രന്‍സില്‍ എടുത്ത തീരുമാനം അനുസരിച്ച് പ്രകൃതിദുരന്തം ഒരു രാജ്യത്ത് ഉണ്ടായാല്‍ അത് എല്ലാ മനുഷ്യരേയും ബാധിക്കുന്നതായി കണക്കാക്കണം എന്നാണ്. ഏതു മനുഷ്യനും അതില്‍ ബാധ്യതയുണ്ട്. ഈ തത്വം വച്ചുകൊണ്ടാണ് ഈ സംവിധാനമുണ്ടാക്കിയത്. അതനുസരിച്ച് വിദേശസഹായം വാങ്ങാവുന്നതാണ്. പക്ഷേ, രാഷ്ട്രീയക്കാര്‍ പറയുന്നത് വാങ്ങാന്‍ പാടില്ലെന്നാണ്. അതുകൊണ്ട് സഹായം വാഗ്ദാനം ചെയ്ത ഗവര്‍ണ്മെന്‍റുകളെല്ലാം പിറകോട്ടുപോയി. അവര്‍ എംബസി വഴിയാണ് തുക നല്‍കുക. എംബസി തടസ്സം പറഞ്ഞാല്‍ അവര്‍ അതു നല്‍കുകയില്ല. ആ രീതിയിലായിപ്പോയി നമ്മുടെ സംവിധാനം. ലോകബാങ്കില്‍ നിന്ന് 3500 കോടി രൂപയാണ് ഈ ആവശ്യത്തിനായി വായ്പ എടുക്കുന്നത്. 23,500 കോടി രൂപ ഇതുവരെ അവരോട് വായ്പയായി വാങ്ങിയിട്ടുണ്ട്. അത് തിരിച്ചു കൊടുക്കേണ്ടതല്ലേ. കേരളം വലിയ കടക്കെണിയിലായിരിക്കുകയാണ്. തൊഴിലില്ലായ്മ ഇനിയും വര്‍ധിക്കും. ആ രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
പുനര്‍നിര്‍മ്മാണം സര്‍ക്കാരിന് ചെയ്യാന്‍ പറ്റില്ലെങ്കില്‍ വേറെ എതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കുന്നതില്‍ എന്താണ് അഭിപ്രായം?
പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കുക എന്നത് നന്നായി ആലോചിച്ച് ചെയ്യേണ്ട കാര്യമാണ്. താമസിക്കാനുള്ള കെട്ടിടങ്ങള്‍ ഇനിയെങ്കിലും ആളുകള്‍ക്ക് നിര്‍മ്മിച്ചുകൊടുക്കണം. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാവുന്ന ഈ സ്ഥലത്തു പോയിട്ടാണ് ആളുകള്‍ വീണ്ടും കെട്ടിടം നിര്‍മ്മിക്കുന്നത്. ആ സ്ഥലങ്ങളൊന്നും ഇനി ഉപയോഗിക്കരുത്. അവര്‍ക്ക് അതിനുവേണ്ട ശരിയായ സ്ഥലം കണ്ടുപിടിച്ചശേഷം അവിടെ അവര്‍ക്ക് ഇനിമേലില്‍ ഒരു ഡിസാസ്റ്റര്‍ ഉണ്ടാവാത്ത വിധത്തില്‍ നിര്‍മ്മിച്ചുകൊടുക്കണം. പി.ഡബ്ല്യൂ.ഡി. കോണ്‍ട്രാക്റ്റേഴ്സിന് ഇതെല്ലാം കൊടുത്തിട്ടും മുഴുവന്‍ കോണ്‍ട്രാക്ടര്‍മാരും എന്‍ജിനീയര്‍മാരും ഇതെല്ലാം ചെയ്തിട്ടും കൃത്യമായി നിര്‍മ്മാണം നടക്കുന്നത് ഏതാണ്ട് 25 ശതമാനം മാത്രമാണ്. ഇങ്ങനെയുള്ള കാര്യത്തില്‍ അതുപോരാ. അതു വേറെ ഏതെങ്കിലും നല്ല ഒരു ഏജന്‍സിക്ക് കൊടുക്കുന്നതായിരിക്കും ഉചിതം. ക്രെഡിബിലിറ്റിയുള്ള ഒരു ഏജന്‍സിക്ക് കൊടുക്കണം. ലാഭേച്ഛയില്ലാത്ത ഏജന്‍സികളുണ്ട്. അങ്ങനെയുള്ളവ കണ്ടുപിടിച്ച് അവരെ ഏല്‍പ്പിക്കണം.
ഇപ്പോള്‍ വില്ലേജ് ഓഫീസര്‍മാര്‍ വഴി സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കുന്നുണ്ട്. എന്തെല്ലാം അഴിമതികളാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജര്‍ക്ക് 15 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഇതിന്‍റെ നഷ്ടപരിഹാരത്തിന് അഞ്ചുലക്ഷം രൂപ കണക്കാക്കി കൊടുക്കുന്നതിന് രണ്ടുലക്ഷം രൂപ കൈക്കൂലി വേണമെന്ന് പറഞ്ഞു. കൈക്കൂലി കൊടുത്തത് കൈയോടെ പിടികൂടി. ഇത് ഒരാളുടെ കാര്യം മാത്രമാണു പറഞ്ഞത്. വേണ്ടത് ഇതൊന്നുമല്ല. ഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന് നന്നായി ആലോചിച്ച് നല്ല രീതിയില്‍ വേണം തീരുമാനമെടുക്കാന്‍.
പഴയ കേരളം പുനഃസൃഷ്ടിക്കലോ അതോ പുതിയ കേരളം സൃഷ്ടിക്കലോ നമുക്കു വേണ്ടത്?
അതു പറയുമ്പോള്‍ നവകേരള നിര്‍മ്മാണം എന്നു പറയാനേ പറ്റുകയുള്ളൂ. ഇടുക്കിപോലുള്ള പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വീടുവയ്ക്കാന്‍ പാടില്ല. അതിനൊരു സ്ട്രോങ് പോളിറ്റിക്കല്‍ ബില്‍ വേണം. അത് ഇല്ലാത്തിടത്തോളം കാലം ഗവര്‍ണ്മെന്‍റിനെക്കൊണ്ട് നടത്താന്‍ സാധിക്കുകയില്ല. പറ്റാത്ത സ്ഥലമാണെങ്കില്‍ അവിടെ പറ്റില്ല എന്നുതന്നെ പറയണം. വേറെ സ്ഥലം കാണിച്ചുകൊടുത്ത് അവിടെ വീടുവയ്ക്കാന്‍ പറയണം. അവിടെ വീടുവയ്ക്കട്ടെ. ബലവത്തായ കണ്‍സ്ട്രക്ഷന്‍സ് ആണോ എന്ന് നോക്കിയാല്‍ മതി. അതാണു പറയുന്നത് ക്രെഡിബിലിറ്റിയുള്ള ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന്.
പ്രളയത്തെ നേരിടുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അതിനെ എങ്ങനെ കാണുന്നു?
പ്രളയത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടി അവര്‍ ഏറെ ശ്രമിച്ചു. അതിലവര്‍ നന്നായി വിജയിക്കുകയും ചെയ്തു. ഇവിടെ മിലിട്ടറി ഉണ്ടായിരുന്നു, ജനങ്ങള്‍ ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ജോലിചെയ്തതും മാനേജ് ചെയ്തതും മത്സ്യത്തൊഴിലാളികളാണ്. അവര്‍ ചെയ്ത സേവനം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അവര്‍ 80,000 ആളുകളുടെ ജീവന്‍ രക്ഷിച്ചു. കണക്ക് നോക്കിയാല്‍ അതില്‍ കൂടുതലേ ഉണ്ടാവൂ. ആലുവയ്ക്കടുത്ത് എനിക്കറിയാവുന്ന ഒരു വീട്ടില്‍ വെള്ളംകാരണം കയറാന്‍ ആര്‍ക്കും സാധിക്കുന്നില്ല. അവിടെ മിലിട്ടറിയുടെ ബോട്ട് വന്നെങ്കിലും അടുക്കാന്‍ പോലും പറ്റുന്നില്ല. ഹെലികോപ്ടറിനും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കാരണം, മരങ്ങള്‍ ധാരാളം ഉള്ള സ്ഥലമാണ്. അവിടെ 1200 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരു മാര്‍ഗത്തിലും അവരെ രക്ഷപ്പെടുത്താന്‍ പറ്റുന്നില്ല. ഈ മത്സ്യത്തൊഴിലാളികള്‍ രണ്ടു മണിക്കൂര്‍ കൊണ്ട് അവരെ മുഴുവന്‍ രക്ഷപ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ ചെയ്തിട്ടുള്ള സേവനത്തിനു തുല്യമായി വേറെ ആരും ചെയ്തിട്ടില്ല. ഒരു പ്രതിഫലവും ഇല്ലാതെയാണ് അവര്‍ ചെയ്തിരിക്കുന്നത്. അവര്‍ക്ക് എത്രയോ നഷ്ടങ്ങളും കഷ്ടപ്പാടുകളും വന്നു. അത് നമ്മളാരും ശ്രദ്ധിക്കാറില്ല. കാലാവസ്ഥാ കേന്ദ്രത്തില്‍നിന്നു പറയും ഇന്ന് 200 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കും, കടലില്‍ പോകരുതെന്ന്. ഈ പാവങ്ങള്‍ പട്ടിണിയാണ്. അവര്‍ക്ക് ഇതല്ലാതെ വേറെ വരുമാനമാര്‍ഗമില്ല. വേറെ ഒരു തൊഴിലും അവര്‍ക്ക് അറിഞ്ഞുകൂടാ. അവരെ ആര് സഹായിക്കുന്നു. ഇത്രയൊക്കെ ചെയ്തിട്ടും മത്സ്യത്തൊഴിലാളികളെ ആരും സഹായിച്ചിട്ടില്ല.
പ്രളയം എന്തു മാറ്റമാണ് സമൂഹത്തില്‍ ഉണ്ടാക്കിയത്?
പ്രളയസമയത്ത് കുറെ ചെറുപ്പക്കാര്‍ ആക്ടീവായിരുന്നു. എന്‍റെ ചെറുപ്പത്തില്‍ ഇത്തരം ഉത്തരവാദിത്തം ഒന്നും ഏറ്റെടുക്കേണ്ടിവന്നില്ല. പ്രളയത്തില്‍ ഉണ്ടായ ഗുണം അതാണ്. യുവാക്കളെ നേരെ നയിച്ചാല്‍ ഉണ്ടാവുന്ന ഗുണം. അവര്‍ ഓര്‍ഗനൈസ്ഡ് ഒന്നും ആയിരുന്നില്ല. അവര്‍ തന്നത്താന്‍ ഓര്‍ഗനൈസ് ചെയ്തു. അവര്‍ എത്രയോ പേരെ രക്ഷിച്ചു. എന്തൊക്കെ ചെയ്തു. എന്തുമാത്രം ലേബര്‍ ചെയ്തു. അരി നിറച്ച ചാക്ക് ചുമന്നുകൊണ്ടാണു പോകുന്നത്. എന്തുമാത്രം കാര്യങ്ങളാണ് അവര്‍ ചെയ്തത്. നല്ലൊരു ശുഭപ്രതീക്ഷയാണ് ഈ ചെറുപ്പക്കരുടേത്. അവിടെ ജാതിയോ മതമോ വിഭാഗീയതോ രാഷ്ട്രീയമോ ഒന്നുമില്ല. അതൊന്നും അവിടെ കണ്ടില്ല. എല്ലാറ്റിന്‍റെയും മുമ്പില്‍ ജീവന്‍ എന്ന കാതലായ സത്യം മാത്രം വരുന്നു.
പ്രളയം കഴിഞ്ഞപ്പോള്‍ ഇതെല്ലാം പോയി. ആളുകളുടെ സ്വഭാവവും മാറി. സ്വഭാവം മാറും എന്നതാണ് നമ്മുടെ കുഴപ്പം. പൊളിറ്റിക്കല്‍ മൈലേജ് കിട്ടുമെന്നു തോന്നിയാല്‍ അവരെ തെരുവില്‍ ഇറക്കും. ഇതാണ് നമ്മുടെ കുഴപ്പം. ഈ തെറ്റായ രാഷ്ട്രീയ പ്രവണതകളാണ് കുഴപ്പങ്ങള്‍ മുഴുവനും ഉണ്ടാക്കുന്നത്. എന്തിനാണ് രാഷ്ട്രീയപാര്‍ട്ടികളെന്ന് നാം ചിന്തിക്കണം. സാമൂഹിക പ്രശ്നങ്ങളില്‍ അഭിപ്രായം പറയാനുള്ള തന്‍റേടം വേണം. ആ നട്ടെല്ലു പോലും ഇല്ലാത്തവരാണോ ഇവരെന്ന് ജനങ്ങള്‍ ചിന്തിക്കണം.
പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ വരുമ്പോള്‍ സ്റ്റേറ്റ് എങ്ങനെ ഇടപെടണം? എന്താണ് അതിന്‍റെ നിയമവശം?
പ്രകൃതി ദുരന്തങ്ങളാണെങ്കില്‍ സ്റ്റേറ്റിന് ബാധ്യതയൊന്നുമില്ല. പ്രകൃതി പ്രതികരിച്ചതാണ്. പ്രകൃതിയെ കൊണ്ട് പ്രതികരിപ്പിച്ചതാണെങ്കില്‍ അതിന് ബാധ്യത ഉണ്ട്. ഇവിടെ അത് തെളിവുനിരത്തി സമര്‍ത്ഥിക്കേണ്ട കാര്യമില്ല. ഡാം തുറന്നുവിട്ടതുതന്നെയാണ്. അല്ലെങ്കില്‍ സര്‍ക്കാര്‍ തെളിയിക്കട്ടെ. അതുകൊണ്ട് അവര്‍ക്ക് ബാധ്യത ഉണ്ട്. പ്രകൃതിയാലല്ലാതെ പ്രകൃതി ദുരന്തങ്ങള്‍ സ്വമേധയാ വരുന്നത് ആക്ട് ഓഫ് ഗോഡ് ആണ്. അതിന് നമുക്ക് ഉത്തരവാദിത്തമില്ല. ഇടിമിന്നലേറ്റ് ഒരാള്‍ മരിക്കുന്നു. ഇടിമിന്നല്‍ തടഞ്ഞുനിര്‍ത്താന്‍ ഒരു മാര്‍ഗവും ഇല്ല. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല.
പ്രളയബാധിതര്‍ക്ക് സഹായധനമെന്നു പറഞ്ഞാണ് ഗവര്‍ണ്മെന്‍റ് കൊടുക്കുന്നത്. സഹായധനമല്ല കൊടുക്കേണ്ടത്. അവരുടെ അവകാശമാണത്. ഗവ.ന് അതില്‍ ബാധ്യതയുണ്ട്. ഇംഗ്ലണ്ടില്‍ ഒരു പഴയ കേസുണ്ട്. ഞഥഘഅചഉട ് എഘഋഠഇഒഋഞ. അതില്‍ പറയുന്നത്, നമ്മുടെ പ്രോപ്പര്‍ട്ടിയില്‍ ഇരിക്കുന്ന അപകടകരമായ ഒരു സംഗതിമൂലം അന്യര്‍ക്ക് എന്തെങ്കിലും ഉപദ്രവമുണ്ടായാല്‍ നാം നഷ്ടപരിഹാരം കൊടുക്കാന്‍ ബാധ്യസ്ഥരാണ്. മാത്രമല്ല, നഷ്ടം അതുകൊണ്ടല്ല എന്നു സ്ഥാപിക്കുകയും വേണം. അതുപോലെയാണ് പ്രളയത്തില്‍ ഗവര്‍ണ്മെന്‍റിനുള്ള ബാധ്യതയും. ഈ നിയമപരമായ ബാധ്യത ഉണ്ടാവാതിരിക്കാനാണ് ആക്ട് ഓഫ് ഗോഡ് അല്ലെങ്കില്‍ പ്രകൃതി ദുരന്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നത്. അത് തെറ്റാണ്. ജനങ്ങളുടെ നഷ്ടമെല്ലാം പരിഹരിച്ചുകിട്ടുക എന്നത് അവരുടെ ആവശ്യമാണ്. കാലാവസ്ഥാ നിരീക്ഷകര്‍ പറ്റുന്ന രീതിയില്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. അത്ര സൂക്ഷ്മമായി റിപ്പോര്‍ട്ട് കൊടുക്കാനുള്ള സംവിധാനങ്ങളൊന്നും ഇന്ത്യയിലില്ല. ഡാം തുറന്നുവിട്ടതുകൊണ്ട് ഒന്നും ഉണ്ടായില്ല എന്ന് ഡാം സേഫ്റ്റി അതോറിറ്റി. അതിനു മുകളില്‍ മിടുക്കന്മാരെന്നു നടിക്കുന്ന ആളുകള്‍. വെള്ളം തുറന്നു വിട്ടതുകൊണ്ട് ബോര്‍ഡിന് 40 കോടി രൂപ നഷ്ടം വരുമെന്നാണ് പറഞ്ഞിരുന്നത്. അതിനു പകരം ഇപ്പോള്‍ 40,000 കോടിയുടെ നഷ്ടം വന്നില്ലേ? ഇതില്‍ ഏതാണ് വലുതെന്ന് നമ്മള്‍ ആലോചിക്കേണ്ടതല്ലേ?
രക്ഷാപ്രവര്‍ത്തനം, പുനരധിവാസം: ഈ കാര്യങ്ങളില്‍ ജനങ്ങള്‍ക്കു കിട്ടേണ്ട നിയമപരമായ അവകാശങ്ങള്‍ എന്തൊക്കെയാണ്? അത് അവര്‍ക്കു കിട്ടിയിട്ടുണ്ടോ?
ജനങ്ങളുടെ അവകാശം എന്നു പറയുന്നത് ജീവിക്കാനുള്ള അവകാശമാണ്. അതൊന്നും ഇവിടെയില്ല. പാവം മത്സ്യത്തൊഴിലാളികള്‍ ഇറങ്ങിപ്പുറപ്പെട്ടതുകൊണ്ടാണ് ഇത്രയും പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത.് എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു പ്രശ്നം വരുമ്പോള്‍ ആരും ഇതുപോലെ ഇറങ്ങിച്ചെല്ലുന്നില്ല. അവര്‍ക്ക് അക്ഷരാഭ്യാസം കുറവാണ് എന്ന ഒരു പ്രശ്നമേയുള്ളൂ. കടലിന്‍റെ പരുക്കന്‍ സാഹചര്യങ്ങളില്‍ ജീവിക്കുന്ന അവരെല്ലാം വളരെ നല്ല മനുഷ്യരാണ.് അവരെ തിരിച്ചു സഹായിക്കേണ്ടത് നാടിന്‍റെ ബാധ്യതയാണ്. ഇങ്ങനെയൊരു ദുരന്തം നേരിടാന്‍ സര്‍ക്കാര്‍ ഒരുതരത്തിലും സജ്ജമായിരുന്നില്ല. മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരെ ഒന്ന് കോ-ഓഡിനേറ്റ് ചെയ്യാന്‍ പോലും കഴിഞ്ഞില്ല. എന്നാല്‍, ഒരു കോ-ഓഡിനേഷനും ഇല്ലാതെതന്നെ ചെറുപ്പക്കാര്‍ ഒരുപാട് ജോലിചെയ്തു. ഏറെ ആളുകളെ രക്ഷിച്ചെടുത്തു. ഇങ്ങനെ ഒരു ദുരന്തം വന്നാല്‍ ഈ ചെറുപ്പക്കാര്‍ ഇനിയും ഇങ്ങനെതന്നെ പ്രവര്‍ത്തിക്കും. അവരെ ആ രീതിയില്‍ തുടര്‍ന്നും കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. എന്നാല്‍, അവര്‍ പലപ്പോഴും മോശം കാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയാണ്.
ഇതുപോലെ കെടുകാര്യസ്ഥത കൊണ്ടുള്ള കെടുതിയാണെങ്കില്‍ ജനങ്ങള്‍ക്ക് ശരിയായ നഷ്ടപരിഹാരം കൊടുക്കണം. എത്ര നഷ്ടപ്പെട്ടോ അത് മുഴുവന്‍ അവര്‍ക്ക് കൊടുക്കണം. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. ഇത് തിട്ടപ്പെടുത്തണം. ഒരു വീട് ഉണ്ടായിരുന്നു. അത് തകര്‍ന്നുപോയി. ആ വീടിന്‍റെ എന്തെങ്കിലും ഒരു രൂപരേഖ നമുക്ക് കാണിക്കാന്‍ പറ്റണം. ഫോട്ടോ ഒക്കെ എടുക്കാന്‍ സൗകര്യം ഉണ്ടല്ലോ. അത് നിര്‍മ്മിച്ചപ്പോള്‍ എടുത്ത ഫോട്ടോയും ലൈസന്‍സിന്‍റെയും റെക്കോഡുകള്‍ എടുക്കാം. അങ്ങനെ ഒരു വീട് വയ്ക്കാന്‍ പി.ഡബ്ല്യൂ.ഡിയെ എല്‍പിച്ച് നോക്കൂ. 22 ലക്ഷം രൂപ വരുമെന്നു സങ്കല്‍പ്പിക്കുക. അപ്പോള്‍ ആ രീതിയിലുള്ള പണം നല്‍കണം. കെടുതികളുടെ കണക്ക് ഇതുവരെ ശരിയായിട്ടില്ല. ഓരോരുത്തര്‍ക്കും വന്നിട്ടുള്ള നഷ്ടം പൂര്‍ണമായി എങ്ങനെ കണക്കാക്കാനാണ്. എത്രയോ മടങ്ങാണ് നഷ്ടം. എറണാകുളത്തെ നഷ്ടത്തിന്‍റെ കണക്കുപോലും ഇതേവരെ വന്നിട്ടില്ല. എന്‍റെ പലതും നഷ്ടപ്പെട്ടു. എന്നിട്ടും ഞാന്‍ സര്‍ക്കാര്‍ സഹായം ചോദിക്കാനോ വാങ്ങിക്കാനോ പോകുന്നില്ല. അങ്ങനെയുള്ള ധാരാളം ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. എറണാകുളം, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ താമസിക്കുന്ന ഒരുപാട് ആളുകള്‍ സര്‍ക്കാരിന്‍റെ സഹായധനം വേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ എത്ര പഴക്കമുള്ള ഡാം ആണ്. ഇതില്‍ തമിഴ്നാട് ഈ സമയത്തൊക്കെ തോന്നുംപോലെ വെള്ളം കെട്ടിനിര്‍ത്തി. ആ ഡാം തകര്‍ന്നാല്‍ അഞ്ച് ജില്ലകളാണ് ഇല്ലാതാവുക. ഏതാണ്ട് 40 അടിയോളം ഉയരത്തില്‍ വെള്ളം എറണാകുളത്ത് വരുമെന്നാണു പറയുന്നത്. നമ്മള്‍ ഒരു വാട്ടര്‍ബോംബിന്‍റെ കീഴിലാണ് താമസിക്കുന്നത്. അത് എപ്പോള്‍ ഉണ്ടാകും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എങ്ങനെ അറിയാന്‍ പറ്റും. പ്രളയം കണ്ടതുകൊണ്ട് ജനങ്ങള്‍ വളരെ പേടിയിലാണ്. ഒരു ലെവല്‍ കഴിഞ്ഞ് തുറന്നുവിട്ടപ്പോള്‍ പോലും നഷ്ടപ്പെട്ടത് നമുക്ക് കണക്കാക്കാന്‍ പറ്റിയിട്ടില്ല.
പുനരധിവാസം നമുക്കു സാധ്യമാണോ? അത് എങ്ങനെ സാധ്യമാക്കാം ?
സാധ്യമാണ്. കുറെയധികം ആളുകളെ ഒരുമിച്ച് ഒരിടത്ത് പുനരധിവസിപ്പിക്കാന്‍ കേരളത്തിന്‍റെ സ്ഥലപരിമിതിമൂലം സാധ്യമല്ല. വളരെയധികം കെട്ടിടങ്ങള്‍ നഷ്ടപ്പെട്ടുപോയി. ചില സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ വീണ്ടും വയ്ക്കാം. എന്നാല്‍, പലസ്ഥലങ്ങളിലും നഷ്ടപ്പെട്ട കെട്ടിടങ്ങള്‍ വീണ്ടും വയ്ക്കാന്‍ പാടില്ല. കാരണം, പരിസ്ഥിതിലോല പ്രദേശത്ത് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാവും. അടുത്ത മഴയ്ക്ക് അതുമുഴുവന്‍ വീണ്ടും തകര്‍ന്നുപോകും. അവര്‍ വേണമെന്ന് പറഞ്ഞാലും അങ്ങനെയുള്ളതൊന്നും അനുവദിച്ചുകൊടുക്കരുത്. അവിടെ കൃഷി ചെയ്തോട്ടെ. എന്നാല്‍, അവര്‍ക്ക് താമസിക്കാന്‍ വേറെ സ്ഥലം കൊടുക്കണം. അത് സര്‍ക്കാരാണു ചെയ്യേണ്ടത്. സ്ഥലമൊക്കെ ഭൂമാഫിയക്ക് പതിച്ചുകൊടുക്കുന്നതിലും നല്ലതല്ലേ ജനങ്ങള്‍ക്ക് കൊടുക്കുന്നത്. ഇവിടെ ശതകോടീശ്വരന്മാര്‍ക്ക് തോന്നുംപടി ഭൂമി പതിച്ചു കൊടുക്കുന്നുണ്ടല്ലോ. എവിടെ ഹോട്ടല്‍ പണിയണം, അവിടെ പണിയാം. എവിടെ ഏതുതരം കെട്ടിടം പണിയണം, അവിടെ വയ്ക്കാം. എവിടെ വസ്തു വേണമോ അവിടെ കിട്ടും. എന്നാല്‍, ഒരു പാവപ്പെട്ടവന് രണ്ടു സെന്‍റ് സ്ഥലം കിട്ടാന്‍ എന്തെല്ലാം നൂലാമാലകളാണ്. അതാണ് ഇപ്പോഴത്തെ അവസ്ഥ. നമ്മുടെ കാഴ്ചപ്പാടിന്‍റെ വ്യത്യാസമാണത്. മറിച്ചുള്ള ഒരു കാഴ്ചപ്പാടായിരിക്കണം ഗവര്‍ണ്മെന്‍റിനു വേണ്ടത്. അങ്ങനെയാണെങ്കില്‍ ഒരു നവകേരളം നമുക്ക് അനായാസം സൃഷ്ടിക്കാന്‍ സാധിക്കും.
ഒരു എംഎല്‍എ ഒരു റിസോര്‍ട്ട് ഉണ്ടാക്കിയ സ്ഥലത്ത് തടയണകളുണ്ടാക്കി. അവിടെ എട്ട് ഉരുള്‍പൊട്ടലാണുണ്ടായത്. ഇതിനെല്ലാം ഒരു ശാസ്ത്രീയപഠനം ആവശ്യമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം പശ്ചിമഘട്ടം ഒരു മണ്ണുകൂമ്പാരമാണ്. അതില്‍ ഇടയ്ക്ക് പാറയുണ്ട്. ഇവിടെ പാറ പൊട്ടിക്കുന്തോറും അതിന് ഒരുപാട് ചലനം സംഭവിക്കുന്നു. അതില്‍ വിള്ളലുകളുണ്ടാവുന്നു. അതുകൊണ്ട് അവിടെ ഒരിക്കലും പാറ പൊട്ടിക്കല്‍ സമ്മതിക്കാന്‍ പാടില്ല. പശ്ചിമഘട്ടത്തില്‍ ഇത്തരം വിള്ളലുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഒരാള്‍ ഇത്തരം വിള്ളലിന്‍റെ ആഴം അറിയാന്‍ ഒരു കല്ലെടുത്ത് ചരടില്‍ കെട്ടി അതില്‍ താഴ്ത്തിനോക്കി. ചരടു കഴിഞ്ഞിട്ടും അടിത്തട്ടില്‍ എത്തിയില്ല. അതിനുള്ളില്‍ മഴവെള്ളം തിങ്ങിനിറഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. ആ ഭാഗങ്ങളില്‍ ഭൂമി ഒന്നായി താഴാനും സാധ്യതയുണ്ട്. ഭൂമിക്ക് സ്ഥാനഭ്രംശം സംഭവിച്ചുകഴിഞ്ഞു. ഇങ്ങനെയുള്ള ദിക്കില്‍ വീട് വയ്ക്കരുതെന്നു പറഞ്ഞപ്പോള്‍ ഒരു നേതാവു ചോദിച്ചു: അങ്ങനെയെങ്കില്‍ ഇടുക്കി ജില്ലയിലെങ്ങും വീടുവയ്ക്കാന്‍ പറ്റില്ലല്ലോ എന്ന്. വീടു വയ്ക്കാന്‍ പറ്റില്ലെങ്കില്‍ വയ്ക്കരുത്. പറ്റുന്ന സ്ഥലം വേറെ കൊടുക്കണം. വീടു വയ്ക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ കൃഷി ചെയ്തോട്ടെ. വര്‍ഷംതോറും ദുരിതാശ്വാസത്തിന് നമ്മള്‍ ചെലവാക്കുന്ന പണമുണ്ടെങ്കില്‍ ഇവരെ പുനരധിവസിപ്പിക്കാന്‍ സാധിക്കും.

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ നമുക്കൊരു ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ടീം ഉണ്ടല്ലോ. അത് എങ്ങനെ ആയിരിക്കണമെന്നാണ് നിയമം പറയുന്നത്?
അങ്ങനെയൊന്നില്ല. നിയമങ്ങള്‍ നമ്മള്‍ ഉണ്ടാക്കുകയാണ്. പ്രകൃതിദുരന്തങ്ങളില്‍ അനുഭവസ്ഥരായ ആളുകളുണ്ട്. ഇതിനെക്കുറിച്ച് പഠിച്ചിട്ടുള്ള ആളുകളുണ്ട്. അവരെയെല്ലാം ഉള്‍പ്പെടുത്തി വേണം ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ടീമിനെ ഉണ്ടാക്കാന്‍. അല്ലാതെ വെറും ഉട്ടോപ്യന്‍ ആശയങ്ങള്‍ മാത്രം പറഞ്ഞുനടക്കുന്നവരെക്കൊണ്ട് ആവരുത്. ഇപ്പോള്‍ നഷ്ടപരിഹാരം കൊടുക്കുന്നതു തന്നെ ലോക്കല്‍ കമ്മിറ്റികളുടെ തീരുമാനപ്രകാരമാണ.് ഒരാള്‍ക്ക് നാലു ലക്ഷവും എന്നാല്‍, അതേ ദുരന്തം അനുഭവിക്കുന്ന മറ്റൊരാള്‍ക്ക് 50,000 രൂപയും തീരുമാനിക്കപ്പെടുന്നു. ആ രീതിയിലുള്ള തീരുമാനമായി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് മാറരുത.് എല്ലാവരെയും ഒരേ കണ്ണുകൊണ്ട് കാണാനും എല്ലാവരുടെയും നഷ്ടങ്ങള്‍ ഒരേപോലെ കണ്ടുമനസ്സിലാക്കി പ്രവര്‍ത്തിക്കാനുമുള്ള കാഴ്ചപ്പാട് വേണം. അതിനകത്ത് രാഷ്ട്രീയമോ മതപരമായ കാര്യങ്ങളോ വര്‍ഗീയതയോ ഒന്നും കലരരുത്. അങ്ങനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ നാലഞ്ച് ട്രൈബ്യൂണലുകള്‍ വേണം. ലോക്കല്‍ പോലീസ് ആയാലും വില്ലേജ് തലത്തിലുള്ള ഓഫീസുകളായാലും ജനങ്ങള്‍ക്ക് ഇപ്പോള്‍ അതില്‍ വിശ്വാസം ഒന്നുമില്ല. അവരെല്ലാം അഴിമതിക്കാരാണെന്ന് ജനങ്ങള്‍ കരുതുന്നു. ആ കാഴ്ചപ്പാട് ഉള്ളപ്പോള്‍ അവര്‍വഴി തന്നെ ഇതെല്ലാം സാധ്യമാകുമെന്നു പറഞ്ഞാല്‍ എങ്ങനെയാണു ശരിയാവുക. ഇപ്പോള്‍ ഇവിടെ ഒരു വീട്ടില്‍ മുഴുവന്‍ നാശമായി. എല്ലാം പോയി. അടിയന്തരമായി 80,000 രൂപയെങ്കിലും നല്‍കാതെ അവര്‍ക്ക് ഒന്നിനും ആകില്ല. അവര്‍ കരഞ്ഞ് നിലവിളിച്ച് നടന്നു. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് എന്നുപറയുന്നത് അതിനൊന്നും തെളിവില്ലെന്നാണ്. എന്നാല്‍, പിന്നീട് കലക്ടര്‍ നേരിട്ട് ഇടപെട്ട് സഹായം അനുവദിക്കുകയാണ് ഉണ്ടായത.് അവര്‍ക്കെല്ലാം ഇത്തരം കാര്യങ്ങളില്‍ ഭയമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ഭയക്കാതെ ജുഡീഷ്യറിയെ ഏല്‍പ്പിക്കണം. നാലഞ്ച് ട്രൈബ്യൂണലുകള്‍ ആറുമാസത്തേക്ക് രൂപവല്‍ക്കരിക്കണം. അവര്‍ നഷ്ടങ്ങളെല്ലാം കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിച്ച് തുക കൈയില്‍ കൊടുക്കണം. വില്ലേജ് ഓഫീസര്‍മാര്‍ വഴി നഷ്ടങ്ങളുടെ തിട്ടപ്പെടുത്തല്‍ ശരിയാംവണ്ണം നടക്കുകയില്ല. ഞാനിത് തിരുവനന്തപുരത്തെ മീറ്റ് ദ പ്രസില്‍ പറഞ്ഞിരുന്നു.
എത്രയോ വലിയ പ്രശ്നങ്ങളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. ആഹാരം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം ഇതൊക്കെയാണ് ജീവിക്കാനുള്ള അവകാശത്തില്‍ നമുക്കുവേണ്ട അടിസ്ഥാന കാര്യങ്ങള്‍. ഇന്ത്യയില്‍ പട്ടിണി കിടക്കുന്ന കോടിക്കണക്കിന് ആളുകളുണ്ട്. വീടില്ലാതെ തെരുവില്‍ ഉറങ്ങുവര്‍ എത്രയോപേര്‍. അടുത്തനാളില്‍ മാതാവിന്‍റെ കൂടെ റോഡരികില്‍ കിടന്നുറങ്ങിയ മൂന്നു വയസുള്ള ഒരു കുഞ്ഞിനെ ആരോ എടുത്തുകൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. ഇതില്‍ രണ്ട് സംഗതികള്‍ ഉണ്ട്. ഒന്നാമതായി ബലാത്സംഗം ചെയ്യപ്പെട്ടു എന്നത്. രണ്ടാമതായി ഇവര്‍ എങ്ങനെ തെരുവില്‍ ഉറങ്ങാന്‍ ഇടയായി എന്നത്. എത്രയോ കുട്ടികള്‍ക്ക് ആഗ്രഹം ഉണ്ടായിട്ടും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നു. ജനങ്ങള്‍ക്ക് ആരോഗ്യം സംരക്ഷിക്കാന്‍ മാര്‍ഗമില്ല. അതായത് ചികിത്സച്ചെലവ് വഹിക്കാന്‍ കഴിയുന്നില്ല. ഇതിനെക്കുറിച്ചൊന്നും ചിന്തിക്കാതെ നമ്മുടെ രാജ്യം കഴിഞ്ഞ ഒരുവര്‍ഷമായി കോടികള്‍ ചെലവിട്ട് ഇടപെട്ട വിഷയങ്ങളാണ്: വിവാഹേതര ലൈംഗികബന്ധം നീതീകരിക്കത്തക്കതാണോ അല്ലയോ, സ്വവര്‍ഗരതി കുറ്റകൃത്യമാണോ അല്ലയോ, ശബരിമലയില്‍ സ്ത്രീകള്‍ കയറണമോ വേണ്ടയോ എന്നിവ. ഇതല്ലേ ദുര്‍വ്യയം എന്നുപറയുന്നത്. മനുഷ്യന്‍റെ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും ചര്‍ച്ചചെയ്യാതെ ഇത്തരം കാര്യങ്ങളിലാണ് സമയം പാഴാക്കുന്നത്!
