മാനസിക ആഘാത അനന്തരമുള്ള സംഘര്‍ഷവും അസ്ഥിരതയും

ഒരു ഫയൽ ചിത്രം

പരിഷ്കൃത ലോകത്തിലാണ് മനുഷ്യര്‍ക്ക് മാനസിക ആഘാതങ്ങള്‍ നല്‍കുന്ന സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത്. ഇതൊരു വിരോധഭാസമാണ്. സംഭവങ്ങളില്‍ അധികവും മനുഷ്യന്‍ തന്നെ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയില്‍ മഹായുദ്ധങ്ങള്‍, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍, മനുഷ്യര്‍ സൃഷ്ടിച്ച ക്ഷാമങ്ങള്‍, ഭീകരാക്രമങ്ങള്‍ ഇവയ്ക്കെല്ലാം മനുഷ്യകുലം സാക്ഷ്യം വഹിക്കുകയുണ്ടായി. ഇതിനെല്ലാം ഇരയായവരുടെ ഉള്ളില്‍ ഭയവും നിസ്സഹായതയും നിറഞ്ഞ അനുഭവങ്ങളും നിക്ഷേപിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് മാനസിക ആഘാത അനന്തരം സംഭവിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും മാനസിക അസ്ഥിരതയെക്കുറിച്ചും ഉള്ള ചര്‍ച്ചകള്‍ മനശാസ്ത്ര ലോകത്ത് സ്ഥാനം പിടിച്ചത്.

ഒന്നാം ലോക യുദ്ധത്തിലും ബൂവര്‍ യുദ്ധത്തിലും പങ്കെടുത്ത പട്ടാളക്കാര്‍ യുദ്ധാനന്തരം വലിയ തോതില്‍ മ്ലാനതയ്ക്കും വെടിയൊച്ച കേള്‍ക്കുമ്പോള്‍ ഞെട്ടിവിറയ്ക്കുന്ന അവസ്ഥയ്ക്കും വിധേയമാകുന്നതായി കണ്ടെത്തി. ഈ പട്ടാളക്കാരില്‍ ആര്‍ക്കും ശാരീരികമായ പരിക്കുകള്‍ ഏറ്റിരുന്നതായി കണ്ടെത്തിയിരുന്നില്ല. എന്നാല്‍ നാഡീ സംബന്ധവും മാനസികവുമായ നിരവധി പ്രശ്നങ്ങള്‍ അവര്‍ നേരിട്ടിരുന്നു. അതിനെ മൊത്തത്തില്‍ യുദ്ധാനന്തര മാനസിക തകര്‍ച്ച അഥവാ വാര്‍ ന്യൂറോസിസ് എന്ന് വിളിക്കപ്പെട്ടു. യുദ്ധഭൂമിയില്‍ നിന്ന് സുരക്ഷിതരായി വീട്ടില്‍ എത്തി വളരെ നാളുകള്‍ കഴിഞ്ഞുപോലും വിയറ്റ്നാം യുദ്ധത്തിലെ പോരാളികള്‍ ഇതേവിധം രോഗാതുരമായ അവസ്ഥകള്‍ക്ക് വിധേയമാകുന്നതും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതും നിരീക്ഷിക്കപ്പെട്ടിരുന്നു.

ദുസ്വപ്നങ്ങള്‍, മാനസിക ആഘാതത്തിന് കാരണമായ സംഭവത്തെ അനുസ്മരിപ്പിക്കുന്ന ഏതൊന്നിനേയും ഒഴിവാക്കാനും അതില്‍ നിന്ന് രക്ഷപ്പെടാനുമുള്ള പ്രവണത, അത്തരം തോന്നലുകള്‍ക്കു മുമ്പില്‍ ഞെട്ടി വിറയ്ക്കുക ഇവയൊക്കെയാണ് മാനസിക ആഘാത അനന്തരമുള്ള സംഘര്‍ഷത്തിന്‍റേയും അസ്ഥിരതയുടേയും പരമ്പതാഗത ലക്ഷണമായി വിവരിക്കപ്പെട്ടിരിക്കുന്നത്. ഈ പട്ടാളക്കാര്‍ അകാരണമായ ക്ഷീണം, തലവേദന, ശരീരവേദന, ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ, ചെറിയ ശബ്ദങ്ങള്‍ കേട്ടാല്‍പ്പോലും അതിനോട് വല്ലാതെ പ്രതികരിക്കുന്ന പ്രകൃതം ഇങ്ങനെ നിരവധി അവ്യക്തവും വിശദീകരിക്കാനാകാത്തതുമായ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്നവരായിരുന്നു.

മാനസിക ആഘാത അനന്തരമുള്ള സംഘര്‍ഷത്തേയും അസ്ഥിരതയേയും ഇപ്പോള്‍ മനശാസ്ത്രലോകം മനസിലാക്കുന്നത്, ആ സംഭവത്തിനുശേഷം സംജാതമാകുന്ന മാനസിക നില എന്നാണ്. ഇതിനെയാണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ് ഡിസോഡര്‍ അഥവാ പി റ്റി എസ് ഡി എന്ന് മനശാസ്ത്രലോകം വിളിക്കുന്നത്. യുദ്ധം പോലെ വലിയ ജനവിഭാഗങ്ങളെ ബാധിക്കുന്ന മഹാദുരന്തങ്ങള്‍ മുതല്‍ ബലാത്സംഗം, അപകടങ്ങള്‍, ശാരീരിക ആക്രമണം തുടങ്ങിയ വ്യക്തിഗത ദുരന്തങ്ങള്‍ വരെ ഇതിന്‍റെ പട്ടികയില്‍ പെടും.

അത്തരം അനുഭവങ്ങള്‍, സ്വകാര്യ അനുഭവം എന്ന നിലയില്‍ ആകാം, മറ്റൊരാള്‍ക്ക് സംഭവിക്കുന്നതിന് സാക്ഷ്യം വഹിച്ചതാകാം, കുടുംബത്തിലെ അംഗത്തിന്‍റെയോ, ഏറ്റവും അടുത്ത മിത്രങ്ങളുടെയോ ജീവിതത്തില്‍ സംഭവിച്ചതായി പറഞ്ഞുകേട്ടതുമാവാം.സംഭവം നടന്ന് അധികം വൈകാതെ തന്നെ ആഘാതാനന്തരമുള്ള സംഘര്‍ഷത്തിന്‍റെയും അസ്ഥിരതയുടെയും ലക്ഷണങ്ങള്‍ ആരംഭിച്ചു തുടങ്ങും. എന്നാല്‍ പൂര്‍ണ്ണതോതില്‍ പ്രകടമാവുന്നതിന് നീണ്ട കാലയളവ് എടുത്തു എന്നും വരാം.

എപ്പോഴും ഭയം തോന്നുക, ഭയാനകമായ അവസ്ഥകളില്‍ ചെന്നുപെടുന്നതുപോലെ തോന്നുക, തുടര്‍ന്ന് നിസ്സഹായത അനുഭവപ്പെടുക, പിന്നാലെ അനിയന്ത്രിതമായ വികാര പ്രകടനങ്ങള്‍ നടത്തുക, ദുസ്വപ്നങ്ങള്‍ കാണുക, ആ സംഭവം വീണ്ടും അനുഭവപ്പെടുന്ന വിധം ശക്തമായ ഫ്ളാഷ് ബാക്ക് അനുഭവങ്ങള്‍ സംഭവിക്കുക ഇവയൊക്കെയാണ് ഈ അവസ്ഥയുടെ സാധാരണ ലക്ഷണങ്ങള്‍. അപ്രതീക്ഷിതമായോ ഒരു മുന്നറിയിപ്പുമില്ലാതെയോ ഈ അവസ്ഥയിലേക്ക് വീഴാം. ചില ശബ്ദങ്ങളോ ദൃശ്യങ്ങളോ ഗന്ധമോ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കടന്നു വരുന്ന ഫ്ളാഷ് ബാക്ക് അനുഭവം പോലേ ഈ അവസ്ഥ സംജാതമായേക്കാം. ഒരു കാറിന്‍റെ പുകക്കുഴലില്‍ നിന്നു പുറപ്പെടുന്ന വെടിയുടേതുപോലുള്ള ശബ്ദമോ, പടക്കം പൊട്ടുന്ന ശബ്ദമോ യുദ്ധാനുഭവമുള്ള ഒരു പട്ടാളക്കാരനെ യുദ്ധ രംഗത്തെ വെടിയൊച്ചയുടേയും അനുഭവങ്ങളുടേയും ഫ്ളാഷ് ബാക്കിലേക്ക് എത്തിച്ചേക്കാം. നിര്‍വ്വികാരത, അപകട സാഹചര്യങ്ങളുള്ള അവസ്ഥകളേയോ സ്ഥലങ്ങളേയോ ഒഴിവാക്കാനുള്ള പ്രവണത തുടങ്ങിയവയൊക്കെയാണ് മറ്റു ലക്ഷണങ്ങള്‍.

ഇടിമിന്നലിന്‍റെ ശബ്ദമോ വലിയ ജലപ്രവാഹമോ ബോട്ടിലുള്ള യാത്രയോ ഒക്കെ പ്രളയ ദുരന്തത്തിന് ഇരയായ ഒരാളുടെ മനസിനെ ഉലച്ചേക്കാം. ഈ അവസ്ഥകളെ പിന്നാലെ ജോലി ചെയ്യുവാനുള്ള കഴിവില്ലായ്മ, സാമൂഹ്യ ബന്ധങ്ങള്‍ പുലര്‍ത്താന്‍ കഴിയാതെ വരിക എന്നീ സ്ഥിതി വിശേഷങ്ങളും ഉണ്ടാകാം. ഓര്‍മ പ്രശ്നങ്ങള്‍, മനസിനെ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, ആകുലത, എല്ലാത്തിനോടും വെറുപ്പ്, പെട്ടെന്ന് അനിയന്ത്രിതമായ ദേഷ്യം ഇവയെല്ലാം ഇത്തരം ആളുകളില്‍ സര്‍വ്വസാധാരണമാണ്. ഇത്തരം അവസ്ഥകളില്‍ എത്തപ്പെടുന്ന ആളുകള്‍ പരിഹാരമെന്ന നിലയില്‍ മദ്യത്തിലും മയക്കു മരുന്നിലും ചെന്നുപ്പെട്ടേക്കാം. അവര്‍ അനുഭവിക്കുന്ന രോഗലക്ഷണങ്ങളുടെ മേല്‍ നിയന്ത്രണം നേടുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഗുരുതരമായ ആഘാതങ്ങള്‍ക്ക് വിധേയമാകുന്ന എല്ലാ ആളുകളിലും ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകാം. പ്രത്യേകിച്ച് ആഘാത സംഭവത്തിന് തൊട്ടു പിന്നാലെ. എന്നാല്‍ ലക്ഷണങ്ങള്‍ ഗുരുതരവും ഗൗരവമുള്ളതാകുകയും ഒരു മാസത്തിലധികം നീണ്ടു നില്‍ക്കുകയും ചെയ്താല്‍ ഇതിനെ മാനസിക ആഘാത അനന്തരമുള്ള സംഘര്‍ഷവും അസ്ഥിരതയുമെന്ന് നിരീക്ഷിക്കേണ്ടി വരും. മാനസിക വൈകല്യമുള്ളവരിലോ, മാനസിക രോഗാവസ്ഥയിലുള്ളവരിലോ, മാനസികരോഗ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗങ്ങളുടെ കാര്യത്തിലും വ്യക്തിത്വവൈകല്യങ്ങളും മയക്കുമരുന്ന് ഉപയോഗമുള്ളവരിലും സ്ഥിതി കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് വഴി വെയ്ക്കും.

ഈ കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ ഇരട്ടിയാണ് സ്ത്രീകളില്‍ സാധ്യത. വൈകാരിക അസ്ഥിരതയിലേയ്ക്കും ആകുലത മൂലമുള്ള ക്രമമില്ലായ്മയിലേയ്ക്കും സ്ത്രീകള്‍ വേഗത്തില്‍ എത്തിച്ചേരും. മാനസികമായ പിന്‍തുണ, സ്വഭാവ പ്രകൃതത്തെ ക്രമീകരിക്കുവാന്‍ വേണ്ടിയുള്ള ബിഹേവിയര്‍ തെറാപ്പി എന്നിവയിലൂടെ പഴയകാല അനുഭവങ്ങള്‍ മനസ്സിലേക്ക് കടന്നുവരുന്നത് ഒഴിവാക്കാനും രോഗലക്ഷണങ്ങളില്‍ നിന്ന് രക്ഷനേടാനും കഴിയും. ചില സന്ദര്‍ഭങ്ങളില്‍ ആകുലതയ്ക്കും മാനസിക സംഘര്‍ഷത്തിനും മരുന്നുകളും നല്ല ഫലം നല്‍കും.

Share
അഭിപ്രായം എഴുതാം