രമേശ് ചെന്നിത്തല വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചത് വിദേശ സെര്‍വറില്‍ നിന്ന്, ഡേറ്റ ചോർത്തൽ ആരോപണവുമായി സി.പി.ഐ.എം

തിരുവനന്തപുരം: ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണത്തെ ഡാറ്റാ ചോർത്തൽ എന്ന പ്രത്യാരോപണം കൊണ്ട് നേരിടാൻ സി പി എം നീക്കം. ഡാറ്റാ പ്രശ്‌നം ഉയര്‍ത്തി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാണ് 01/04/21 വ്യാഴാഴ്ച രംഗത്തു വന്നത്. സംഭവം ഗൗരവമുള്ള നിയമപ്രശ്‌നമാണെന്ന് ബേബി പറഞ്ഞു.

ഇരട്ടവോട്ട് പ്രസിദ്ധീകരിച്ചത് രാജ്യത്തിന് പുറത്തുള്ള സെര്‍വറിലാണെന്നും ബേബി പറഞ്ഞു. വോട്ടര്‍മാരുടെ വിവരങ്ങള്‍ ചെന്നിത്തല ചോര്‍ത്തിയെന്നും ബേബി ആരോപിച്ചു.

വ്യക്തികളുടെ അനുമതിയില്ലാതെയാണ് വിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറിയത്. ഇത്തരത്തില്‍ ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്‌നമുണ്ടെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.

നേരത്തെ ഇരട്ടവോട്ടുകള്‍ ചൂണ്ടിക്കാട്ടി ചെന്നിത്തല പുറത്തുവിട്ട ഓപറേഷന്‍ ട്വിന്‍സ് (operation twins.com) എന്ന വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിട്ടുള്ളത് വിദേശരാജ്യമായ സിംഗപ്പൂരിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ ജതിന്‍ ദാസ് എന്നയാള്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇത്രയും ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചതും, ഇമേജ് അനലൈസിങ് / കമ്പറിങ് ആപ്പ്‌ലിക്കേഷന്റെ സെര്‍വറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും ശരിയാണോയെന്നും ജതിന്‍ ദാസ് ചോദിക്കുന്നു.

31/03/21 ബുധനാഴ്ചയാണ് 4.30 ലക്ഷം പേരുള്‍പ്പെടുന്ന ഇരട്ട വോട്ടര്‍മാരുടെ പട്ടിക ചെന്നിത്തല പുറത്ത് വിട്ടത്. 38,000 ഇരട്ട വോട്ടര്‍മാര്‍ മാത്രമാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ചെന്നിത്തല പട്ടിക പുറത്ത് വിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →