തിരുവനന്തപുരം: കെഎസ്ആര്‍ടിസി അങ്കമാലി യൂണിറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അങ്കമാലി യൂണിറ്റിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐ.പി.ജോസിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാള്‍ക്കെതിരെ നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി.
2016 ല്‍ ഇയാള്‍ കെഎസ് ആര്‍ടിസി ഓഫീസില്‍ വെച്ച് സഹ പ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ അങ്കമാലി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ പരാതിയില്‍ അന്വേഷണം നടത്തി വരുന്നതിനിടെ 2016 നവംബര്‍ 8ന് ജീവനക്കാരി ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജോസിനെ പോലീസ് അറസ്റ്റ് ചെയ്തിനെ തുടര്‍ന്ന് കെഎസ് ആര്‍ടിസി ജോസിന് കുറ്റപത്രം നല്‍കിയിരുന്നു. കുറ്റപത്രത്തിന് നല്‍കിയ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ നടപടി ക്രമം പൂര്‍ത്തീകരിച്ച് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവാകുകയായിരുന്നു.

