തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിയമിതനായ പ്രത്യേക പൊതു നിരീക്ഷകൻ ജെ രാമകൃഷ്ണ റാവു ജില്ലയിലെത്തി. ജില്ലാ കലക്ടർ എസ് ഷാനവാസുമായും ജില്ലയിലെ നിരീക്ഷകരുമായും വരണാധികാരികളുമായും കൂടിക്കാഴ്ച നടത്തി.
സുതാര്യവും ജാഗ്രതയോടെയുമുള്ള തിരഞ്ഞെടുപ്പാകണമെന്നും പരാതികളില്ലാതെ മികച്ച രീതിയിൽ തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാക്കണമെന്നും പ്രത്യേക പൊതു നിരീക്ഷകൻ നിർദേശിച്ചു. സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവു കണക്കുകളിൽ ശക്തമായ നിരീക്ഷണം സാധ്യമാക്കണം. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. കേന്ദ്ര സേന, പൊലീസ് സേന എന്നിവയെ വിന്യസിപ്പിച്ച് ജനങ്ങൾക്ക് ആശങ്കയില്ലാതെ വോട്ടു ചെയ്യാനുള്ള സാഹചര്യവും ഒരുക്കണം. മുൻപ് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന തിരഞ്ഞെടുപ്പ് നടപടികളാണ് കേരളത്തിലേതെന്നറിയാം. എന്നാൽ അതു നിലനിർത്താൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ജില്ലയിലെ നിരീക്ഷകരായ എമിൽ ലാക്ര, അശോക് കുമാർ ഗാർഗ്, ഡി ആനന്ദൻ, ദീപ് ചന്ദ്ര, താഷി ഥെന്തുപ് ഷേർപാ, പൊലീസ് നിരീക്ഷകൻ ഡോ രവീന്ദർ കുമാർ സിംഗാൾ, ചെലവു നിരീക്ഷകരായ രാഘവേന്ദ്ര സിങ്, എസ്. കെ ചാറ്റർജി, തമിഴ് വെന്ദ്രൻ, ഉമേഷ് കുമാർ, ഡി ഐ ജി അക്ബർ അലി, എസ് പി പൂങ്കുഴലി, ലെയ്സൺ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

