തെരഞ്ഞെടുപ്പടുത്തപ്പോൾ ചിലർക്ക് ശബരിമലയിൽ താൽപര്യം കൂടിയെന്ന് പിണറായി വിജയൻ, 35 സീറ്റ് ലഭിച്ചാല്‍ ഭരിക്കുമെന്ന് ബിജെപി പറഞ്ഞത് കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊണ്ടാണെന്നും മുഖ്യമന്ത്രി

മലപ്പുറം: തെരഞ്ഞെടുപ്പടുത്തപ്പോൾ ചിലർക്ക് ശബരിമലയിൽ താൽപര്യം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയമാക്കിയിരുന്നു. എന്നാല്‍ അത് ഏറ്റില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പടുത്തതോടെ ശബരിമലയില്‍ താല്‍പര്യം കൂടി. ശബരിമല കേസ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആ കേസില്‍ പുതിയ വിധി വരുമ്പോള്‍ മാത്രമെ ഇനി ശബരിമല വിഷയത്തില്‍ ഒരു ചര്‍ച്ചക്ക് പ്രസക്തിയുള്ളു. ശബരിമല കേസില്‍ വിധി വന്നാല്‍ എല്ലാവരും കൂടി ആലോചിച്ച് തീരുമാനമെടുക്കും.’ മുഖ്യമന്ത്രി വ്യക്തമാക്കി. 18/03/21 വ്യാഴാഴ്ച മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

35 സീറ്റ് ലഭിച്ചാല്‍ ഞങ്ങള്‍ ഭരിക്കുമെന്ന് ബിജെപി പറഞ്ഞത് കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിച്ച് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മറ്റ് സംസ്ഥാനങ്ങളിലെല്ലാം അത് കണ്ടില്ലേ. ജയിച്ച് വന്നാല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസായി നില്‍ക്കില്ലലോ. ക്ഷീണത്തിലേക്ക് പോയികൊണ്ടിരിക്കുകയാണ്. ബിജെപിയുടെ ഭാഗമായി വല്ലതും കിട്ടാന്‍ നോക്കുകയാണ്.’ മുഖ്യമന്ത്രി ആരോപിച്ചു.

ഇടത് മുന്നണിയില്‍ ജനം വലിയ തോതില്‍ പ്രതീക്ഷയും വിശ്വാസവും പുലര്‍ത്തുന്നുണ്ടെന്നും എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചുവെന്നും വികസനം മുന്നോട്ട് പോകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി-സിപിഐഎം രഹസ്യധാരണയുണ്ടായിരുന്നുവെന്ന ആര്‍എസ്എസ് നേതാവ് ആര്‍ ബാലശങ്കറിന്റെ പ്രസാവനക്കെതിരേയും മുഖ്യമന്ത്രി രൂക്ഷ ഭാഷയില്‍ മറുപടി നല്‍കി.

‘ഒ രാജഗോപാല്‍ പറഞ്ഞത് നിങ്ങള്‍ കേട്ടിരുന്നോ. അദ്ദേഹം പറഞ്ഞത് നിങ്ങളെ പോലുള്ള പലരും കേള്‍ക്കുന്നില്ല. ചെവിയില്‍ പഞ്ഞി കേറ്റിയ അവസ്ഥയാണ്. അതെന്താ അങ്ങനെ വരുന്നത്. നേരിട്ടുള്ള അനുഭവമല്ലേ അദ്ദേഹം പറഞ്ഞത്. ഇന്നലെ പ്രതികരിച്ച യുഡിഎഫ് നേതാക്കള്‍ക്ക് നാണമുണ്ടോ. എന്നിട്ടും അവര്‍ പിന്നാലെ പോവുകയാണ്. കോന്നിയില്‍ ആരെയോ പരാജയപ്പെടുത്തിയെന്ന് പറഞ്ഞല്ലോ. ബിജെപി സംസ്ഥാന പ്രസിഡണ്ടിനെയാണ് പരാജയപ്പെടുത്തിയത്. ജയിച്ച് വരാന്‍ ഞങ്ങള്‍ക്ക് ആരുടേയും സഹായം വേണ്ട. ഓരോ പാര്‍ട്ടിക്കും അവരുടേതായ നിലപാട് വേണം. അത് സംശുദ്ധമായിരിക്കണം.’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →