തിരുവനന്തപുരം: എല്‍ഡിഎഫിനെതിരെ കോണ്‍ഗ്രസും മുസ്ലീം ലീഗും ബിജെപിയും ഒരുമിച്ച് ചേര്‍ന്ന് പല തവണ വോട്ടുമറിക്കലുകള്‍ നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. കേരളത്തില്‍ കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യം ഉണ്ടായിട്ടുണ്ട്. വടക്കന്‍ കേരളത്തിലായിരുന്നു സഖ്യം കൂടുതല്‍. നേതൃത്വത്തിന്റെ അറിവോടെയായിരുന്നു സഖ്യം. സഖ്യം ബിജെപിക്ക് നേട്ടമുണ്ടാക്കിയെന്നും ഒ രാജഗോപാൽ ചൂണ്ടിക്കാട്ടി. 17/03/21 ബുധനാഴ്ച ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജഗോപാലിന്റെ പ്രതികരണം.
“മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയ്ക്ക് വോട്ട് കൂട്ടിയത് ഈ സഖ്യമാണ്. രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്‌മെന്റ് ആകാം. പ്രായോഗിക രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്‌മെന്റ് വേണ്ടി വരും. പാര്‍ട്ടിക്ക് നഷ്ടമില്ലാത്ത അഡ്ജസ്റ്റ്‌മെന്റ് ഇപ്പോഴും ആകാം.” രാജഗോപാൽ പറഞ്ഞു.
‘കോ ലീ ബി സഖ്യം ‘ എന്നത് ദീർഘകാലമായുള്ള ഇടതുമുന്നണിയുടെ ആരോപണമായിരുന്നു. ബി ജെ പി കോൺഗ്രസ് ലീഗ് നേതൃത്വങ്ങൾ ഒരിക്കലും ഈ ആരോപണത്തെ അംഗീകരിച്ചിരുന്നില്ല, ഈ സാഹചര്യത്തിലാണ് കേരളത്തിലെ ബി ജെ പിയുടെ ഏക എം എൽ എ യും മുതിർന്ന നേതാവുമായ ഒ രാജഗോപാൽ തന്നെ ഈ ആരോപണത്തെ സ്ഥിരീകരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ വെട്ടിലാക്കുന്നതാണ് രാജഗോപാലിന്റെ തുറന്നു പറച്ചിൽ.

