മുംബൈ: നിഷ്‌ക്രിയ ആസ്തി പുനഃസംഘടിപ്പിക്കുന്നതിനു സര്‍ക്കാരും ആര്‍.ബി.ഐയും കൈക്കൊണ്ട നടപടികളെ തുടര്‍ന്ന് നടപ്പു സാമ്പത്തികവര്‍ഷത്തെ ആദ്യ ഒന്‍പത് മാസത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയില്‍ ഒരു ലക്ഷം കോടിയുടെ കുറവ് രേഖപ്പെടുത്തി. 6,78.317 കോടിയായിരുന്ന നിഷ്‌ക്രിയ ആസ്തി ഇക്കാലത്ത് 5,77,137 കോടിയായി കുറഞ്ഞു. പാര്‍ലമെന്റിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമേഖലാ ബാങ്കുകളുടെ മൂലധനശേഷി ഉയര്‍ത്തിയതും നിഷ്‌ക്രിയ ആസ്തി കുറയാന്‍ കാരണമായി.
കോവിഡിനിടയിലും നിഷ്‌ക്രിയ ആസ്തി കുറയ്ക്കാനായത് നേട്ടമാണ്. അതേസമയം നിയമങ്ങള്‍ ലഘൂകരിച്ചത് കിട്ടാക്കടം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. 2015 സാമ്പത്തികവര്‍ഷം 2,79,016 കോടിയായിരുന്ന കിട്ടാക്കടം 2018 സാമ്പത്തികവര്‍ഷം 8,95,601 കോടിയായി കുതിച്ചു. യൂകോ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയിലാണ് വന്‍ കുറവുണ്ടായത്. 2020 മാര്‍ച്ചിനും ഡിസംബറിനും ഇടിയില്‍ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയില്‍ 40.7 ശതമാനം കുറവാണു രേഖപ്പെടുത്തിയത്.



