ന്യൂഡല്‍ഹി: പരിശീലനം നേടിയ ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്തന്‍ അനുമതി നല്‍കുന്നതിനെതിരെയുളള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ ഉള്‍പ്പടെയുളളവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ (പോസ്റ്റ് ഗ്രാജ്വേറ്റ് ആയുര്‍വേദ എഡ്യൂക്കേഷന്‍) 2020ലെ ഭേദഗതി വിജ്ഞാപനത്തിന്റെ നിയമ സാധുത ചോദ്യം ചെയ്താണ് ഐഎംഎ ഹര്‍ജി നല്‍കിയത്. മതിയായ പരിശീലനം ഇല്ലാതെ ശസ്ത്രക്രിയ നടത്താന്‍ അനുവദിക്കുന്നത് ആരോഗ്യ സേവന രംഗം താറുമാറാക്കുമെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനിന്ദര്‍സിംഗ് വാദിച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയവും ആശങ്കയുമാണ് ഹര്‍ജിയിലുളളതെന്ന് വ്യക്തമാക്കിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് കോടതിയെ അറിയിച്ചു.