കോട്ടയം: ഉമ്മൻചാണ്ടി തന്നെ പുതുപ്പള്ളിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ. ഈ ആവശ്യമുന്നയിച്ച് 13/03/21 ശനിയാഴ്ച രാവിലെ സ്ത്രീകളും കുട്ടികളുമടക്കം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ വീടിന് മുന്നിൽ പ്രകടനവുമായെത്തി. ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് പരിഗണിക്കുന്നു എന്ന വാർത്ത പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം .
ഈ സമയം തന്നെ ഡൽഹിയിലെ സ്ഥാനാർത്ഥി ചർച്ചകൾക്കു ശേഷം ഉമ്മൻ ചാണ്ടി പുതുപ്പള്ളയിലെ വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പുതുപ്പള്ളിയിലേക്കെത്തിയ ഉമ്മൻ ചാണ്ടിയുടെ വാഹനം പ്രവർത്തകർ തടഞ്ഞു. സ്ത്രീകളും യുവാക്കളും അടക്കം വലിയ ജനകൂട്ടമാണ് വീടിന് മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് എഐസിസിക്ക് ഇവർ കത്തയച്ചിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. മീനടം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജസ്റ്റിൻ ജോൺ ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഉമ്മൻ ചാണ്ടിയുടെ വീടിന് മുന്നിൽ അദ്ദേഹത്തിന്റെ വലിയ കട്ടൗട്ടും പ്രവർത്തകർ സ്ഥാപിച്ചിട്ടുണ്ട്.

