താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവുകള്‍ എല്ലാം ഹൈക്കോടതി സ്‌റ്റേ ചെയ്തു

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പടുത്താനുളള സര്‍ക്കാരിന്റെ ഉത്തരവുകളെല്ലാം സ്‌റ്റേ ചെയ്ത ഹൈക്കോടതി നടപടി പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ്സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ വഴിയാധാരമാക്കി കൊണ്ടാണ് സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ക്കും മക്കള്‍ക്കുമെല്ലാം പിന്‍വാതിലിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കിയതും അവരെ സ്ഥിരപ്പെടുത്തിയതും. ഉമാദേവി കേസിലുണ്ടായ സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനം കൂടിയായിരുന്നു ഇത്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ നോക്കുകുത്തിയാക്കി രാഷ്ട്രീയ- വ്യക്തി പരിഗണനവെച്ച് നൂറരുണക്കിന് ആളുകള്‍ക്കാണ് ഈ സര്‍ക്കാര്‍ നിയമനം നല്‍കിയത്. ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികമായി നിയമിച്ചവരെയാണ് ജോലിയില്‍ 10 വര്‍ഷം തികഞ്ഞവര്‍ എന്നുപറഞ്ഞ് ഈ സര്‍ക്കാര്‍ അനധികൃതമായി ജോലിയില്‍ സ്ഥിരപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ കണ്ണീരും കയ്യുമായി സമരംചെയ്ത റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുകയും അപമാനിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത് അദ്ദേഹം ആരോപിച്ചു.

സമരം ചെയ്യുന്നവരുമായി യാതൊരു ചര്‍ച്ചക്കും തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ഡിവൈ എഫ് ഐക്കാരേയും പോലീസ് ഉദ്യോഗസ്ഥരേയും ചര്‍ച്ചക്കെന്ന പേരില്‍ അയക്കുകയും ചെയ്ത് ഉദ്യോഗാര്‍ത്ഥികളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാര്‍ത്ഥികളുടെ സമരം പ്രതിപക്ഷ ഗൂഡാലോചനയാണെന്നുവരെ സര്‍ക്കാര്‍ പറഞ്ഞു. ചില മന്ത്രിമാര്‍ ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. സര്‍ക്കാരിന് കീഴിലുളള ഏതാണ്ട് എല്ലാ സ്ഥാപനങ്ങളിലും താല്‍ക്കാലികമായി ആളുകളെ നിയമിക്കുകയും പിന്നീട് അവരെ സ്ഥിരപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് തടഞ്ഞ ഹൈക്കോതി നടപടിയിലൂടെ സര്‍ക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും ഒരിക്കല്‍കൂടി ജനങ്ങളുടെ മുമ്പില്‍ വെളിപ്പെടുകയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →