ശബരിമല -പൗരത്വ പ്രക്ഷോഭങ്ങൾ കേസുകൾ പിൻവലിക്കാനുള്ള അടിയന്തിര നടപടികളാരംഭിച്ച് സർക്കാർ,വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസിനും നിയമവകുപ്പിനും നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശം, പൗരത്വ ഭേദഗതി എന്നിവയ്‌ക്കെതിരായി നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കതിരെയെടുത്ത കേസുകളില്‍ ആദ്യം പിന്‍വലിക്കുന്നത് കുറ്റപത്രം നല്‍കിയ കേസുകള്‍. ഇത്തരത്തില്‍ ആയിരത്തിഅഞ്ഞൂറിലേറെ കേസുകളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കേസുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനും നിയമവകുപ്പിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. രണ്ട് വിഷയത്തിലും എടുത്തിട്ടുള്ള ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ 24/02/21 ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

ശബരിമല സമരത്തിന്റെ പേരില്‍ അയ്യായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാമജപ ഘോഷ യാത്ര, നിരോധനാജ്ഞ ലംഘനം, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, തുടങ്ങിയ നിസാര കേസുകളാണ് പിന്‍വലിക്കുന്നത്. ഇതില്‍ തന്നെ കുറ്റപത്രം നല്‍കിയ കേസുകള്‍ മാത്രമേ നിയമപരമായി പിന്‍വലിക്കാനാവൂ. ശബരിമല സമരവുമായി ബന്ധപ്പെട്ട് 1007 കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്.

പൗരത്വ ഭേദഗതി പ്രക്ഷോഭത്തില്‍ പങ്കെടുത്ത സമരങ്ങളില്‍ അഞ്ഞൂറിലേറെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റപത്രം നല്‍കിയിരിക്കുന്നത് 311 കേസുകളിലാണ്. 1809 പേര്‍ പ്രതികളാണ്. ഈ കേസുകള്‍ ആദ്യഘട്ടത്തില്‍ പിന്‍വലിക്കും.

കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നോക്കി പിന്‍വലിക്കേണ്ട കേസുകളുടെ പട്ടിക തയ്യാറാക്കാനാണ് തീരുമാനം. ഭൂരിഭാഗം കേസുകളും പോലീസ് സ്വമേധയാ എടുത്തതിനാല്‍ പരാതിക്കാരന്റെ സ്ഥാനത്ത് സര്‍ക്കാരാണ്. ഇതിനാല്‍ കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വഴി കോടതിയില്‍ അപേക്ഷ നല്‍കിയാല്‍ മതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →