ആലപ്പുഴ: മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘം, യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പോലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് തിരിച്ചു.
തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായിട്ടാണ് വിവരം. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനടക്കം പരിശോധിച്ച് എത്രയും വേഗം പിടികൂടാനുളള ശ്രമങ്ങള്‍ തുടരുകയാണ്.
കഴിഞ്ഞ 22.02.2021 തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ബിന്ദുവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ബിന്ദു നാലുദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്നും വീട്ടിലെത്തിയത്. കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയതെന്നും ആദ്യം കോളിംഗ് ബെല്ലടിച്ച സംഘം പിന്നീട് വീടിന്റെ വാതില്‍ തകര്‍ത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നുമാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിന് പിന്നില്‍ കൊടുവളളി സംഘമാണെന്നും കുടുംബം ആരോപിച്ചിരുന്നു.
യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ആദ്യം ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്കൗണ്ടന്റ് ജോലി ചെയ്തിരുന്ന ബിന്ദു ഇടക്കിടെ കേരളത്തില്‍ വന്നുപോയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ പാസ്പോര്‍ട്ടടക്കം പരിശോധിച്ചതിന് പിന്നാലെയാണ് യുവതി ഇടക്കിടെ നാട്ടില്‍ വന്നിരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ മാസം നാട്ടിലെത്തിയ യുവതി പിന്നീട് ദുബൈയിലേക്കാണ് പോയത്. തുടര്‍ന്ന് ഫെബ്രുവരി 19ന് നാട്ടില്‍ തിരിച്ചെത്തിയതായും പോലീസ് പറഞ്ഞു.
